ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയും ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയും ചെയ്യുന്ന ഉമര്‍ ഖാലിദിന്റെ പുസ്തക ചര്‍ച്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ജെഎന്‍യു. 'ഫ്രക്ചേര്ഡ് കമ്മ്യൂണിറ്റീസ്' എന്ന പുസ്തകത്തെ കുറിച്ചും ആദിവാസികളുടെ അവകാശങ്ങളെ കുറിച്ചും നാളെ നടത്താനിരുന്ന ചര്‍ച്ചാ പരിപാടിക്കുള്ള അനുമതിയാണ് നിഷേധിച്ചത്. പരിപാടിയുടെ മുഴുവന്‍ വിശദാംശങ്ങളും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല അധികൃതര്‍ പരിപാടിക്കുള്ള ഓഡിറ്റോറിയം ബുക്കിംഗ് റദ്ദാക്കിയത്. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
അതേസമയം, അനിവാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ മുന്നോട്ടുപോയതെന്നും സര്‍വകലാശാല അനുമതി നിഷേധിച്ചാലും നിശ്ചയിച്ച പ്രകാരം പരിപാടി തുറസ്സായ സ്ഥലത്തോ മറ്റൊരു വേദിയിലേക്കോ മാറ്റി നടത്തുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വ്യക്തമാക്കി. സര്‍വകലാശാലയുടേത് സ്വേച്ഛാധിപത്യപരമായ തീരുമാനമാണെന്നും അക്കാദമിക് താല്പര്യങ്ങളെ അടിച്ചമര്‍ത്താനാണ് അധികൃതരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥി യൂണിയന് കുറ്റപ്പെടുത്തി.
യുഎപിഎ പ്രകാരമുള്ള കുറ്റാരോപണങ്ങള്‍ നേരിടുന്ന ഉമര്‍ ഖാലിദ് വിചാരണ കൂടാതെ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഏകദേശം ആറ് വര്‍ഷമായി. അദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധം ജൂണില്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ഭരണകൂട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച ഉമര്‍ ഖാലിദ് വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളായി തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെറെ കൃതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിരോധിക്കുന്നത് ഈ അനീതിയുടെ തുടര്‍ച്ചയാണെന്നും വിദ്യാര്‍ത്ഥി യൂണിയന് പറഞ്ഞു.
Content Highlights: JNU Cancels Venue For Umar Khalid Book Discussion Event