റായ്പൂര്‍: കത്തിക്കുത്ത് കേസില്‍ ജയിലിലായ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് ആഭിചാരക്രിയ നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ഛത്തീസ്ഗഡിലെ സിപാത് പൊലീസ് സ്റ്റേഷന് പരിധിയിലെ ദേവ്രി ഗ്രാമത്തിലുള്ള ശ്മശാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വിചിത്രമായ സംഭവം നടന്നത്. അര്‍ദ്ധരാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ ഗ്രാമവാസികളാണ് തടഞ്ഞുനിര്‍ത്തിയത്.
ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഋഷികേശ് കുമാര്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. മത്സ്യം, നാരങ്ങ, സിന്ദൂരം എന്നിവയ്ക്കൊപ്പം ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹയുടെയും മറ്റ് രണ്ടുപേരുടെയും ഫോട്ടോകളും സ്ഥലത്ത് നിന്ന് കണ്ടെത്തി. ഋഷികേശിന്റെ ബന്ധുവായ പ്രിയാന്‍ഷു ബോലെ എന്ന ആളെയും മറ്റ് ചിലരേയും ഒരു കത്തികുത്ത് കേസില്‍ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളോടൊപ്പം അറസ്റ്റിലായ ഒരാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിക്കാനുണ്ട്.
ഒരു താന്ത്രികൻ്റെ വീഡിയോ കണ്ട ശേഷമാണ് താനും മൂന്ന് സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയതെന്നാണ് ഋഷികേശ് പൊലീസിനോട് പറഞ്ഞത്. തുടര്‍ അന്വേഷണം നടന്നുവരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഫോട്ടോകളില്‍ ഒന്ന് പ്രിയാന്‍ഷു ബോലെയുടേതും മറ്റൊന്ന് കുത്തേറ്റ കേസിലെ ഇരയുടേതുമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം ആചാരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. യാതൊരുവിധ ആചാരങ്ങള്‍ അനുഷ്ഠിച്ചും ജാമ്യം നേടാനാവില്ലെന്നും കുറ്റവാളികള്‍ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Content Highlights: A man was arrested in Chhattisgarh after allegedly performing a ritual at a cremation ground using the photo of the state High Court Chief Justice. Police said the ritual was reportedly aimed at securing bail for an accused in a stabbing case. Photos, fish, lemon, vermilion and other ritual materials were recovered from the site.