ന്യൂഡല്‍ഹി: യുപിഐ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ചില വ്യാപാരികളില്‍ നിന്ന് ഭാവിയില്‍ യൂസര്‍ഫീ ഈടാക്കുമെന്നും കേന്ദ്രം അറിയിച്ചു. യുപിഐ, മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകളെയും മറ്റ് സേവനദാതാക്കളെയും ചാര്‍ജുകള്‍ ഈടാക്കാന്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007' ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കിയിരുന്നു. അതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന 'പേഴ്സണ്‍ ടു പേഴ്സണ്‍' പണമിടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരുമെന്നാണ് ഇപ്പോൾ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം വ്യാപരികളുടേയും ഇടപാടുകളും സൗജന്യമായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍, അവ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ എണ്ണം വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ ചാര്‍ജുകള്‍ നാമമാത്രമായിരിക്കും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകമായ എംഡിആറിനേക്കാള്‍ വളരെ കുറവായിരിക്കും ഇവ എന്നും അറിയിച്ചിട്ടുണ്ട്. എംഡിആര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ഒരു നിശ്ചിത പരിധിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും എല്ലാ വിധത്തിലുമുള്ള യുപിഐ ഇടപാടുകളെയും ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: The Central Government has clarified that UPI transactions will continue to remain free for consumers. Person-to-person payments will remain completely free, while most merchant transactions are also expected to continue without charges. However, the government said MDR charges could be introduced for a limited number of merchant transactions above a specified threshold.