മുംബൈ: മധ്യപ്രദേശില്‍ അഭിനയ മോഹവുമായി വീടുവിട്ടുപോയ 16കാരന് ഒറ്റയ്ക്ക് യാത്ര ചെയ്തത് 900 കിലോമീറ്റർ ദൂരം. കുട്ടിയ കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുംബൈയിലെ ഫിലിം സിറ്റിയില്‍ നിന്ന് കൗമാരക്കാരനെ പൊലീസ് കണ്ടെത്തുകയായിരുന്നു. 'താരക് മേഹ്ത കാ ഉല്ട്ട ചശ്മ' എന്ന പ്രമുഖ സീരിയലില്‍ അഭിനയിക്കാനാണ് താന്‍ വീടുവിട്ടുപോയതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ കുട്ടി അലഞ്ഞ് നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയും ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു.
ചോദ്യം ചെയ്യലിൽ മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയാണ് താനെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സ്കൂളില്‍ പോകുകയാണെന്ന് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. സ്കൂളിലേക്ക് പോകുന്നതിന് പകരം ചിന്ദ്വാര റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് നാഗ്പൂരിലേക്കുള്ള ട്രെയിനില്‍ കയറി. നാഗ്പൂരിൽ എത്തിയ ശേഷം മുംബൈയിലേക്കുള്ള മറ്റൊരു ട്രെയിനില്‍ കയറി. പിറ്റേന്ന് രാവിലെ ഗോരേഗാവ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് കാല്‍നടയായാണ് ഫിലിം സിറ്റിയിലേക്ക് പോയതെന്നും വിദ്യാർത്ഥി പറഞ്ഞു.
കുട്ടി ഇപ്പോള്‍ പൊലീസിന്റെ സംരക്ഷത്തിൽ സുരക്ഷിതനാണ്. കുട്ടിയെ തിരികെ കൊണ്ടുവരാനായി പിതാവ് മുംബൈയിലേക്ക് ഉടന്‍ എത്തുമെന്നാണ് വിവരം.
Content Highlights: A 16-year-old boy from Chhindwara, Madhya Pradesh, travelled nearly 900 km alone to Mumbai with dreams of becoming an actor. He reportedly left home saying he was going to school and travelled by train via Nagpur before reaching Goregaon. Police later found him at Film City, where he said he had hoped to act in the popular television show ‘Taarak Mehta Ka Ooltah Chashmah’.