ന്യൂഡൽഹി: എഥനോൾ മിശ്രിത ഇന്ധന നയത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അയച്ച കത്ത് ഈ നയവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നതായി പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. സമ്മർദ്ദത്തെ തുടർന്ന് ആ കത്ത് പിന്നീട് പിൻവലിച്ചെങ്കിലും കത്തിൽ ഉയർത്തിയ ആശങ്കകൾക്ക് അതുകൊണ്ട് യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
'എഥനോൾ കലർത്തിയ ഇന്ധനം ശുദ്ധ പെട്രോളിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നായിരുന്നു എഥനോൾ മിശ്രിത നയം നടപ്പാക്കുമ്പോൾ സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എഥനോൾ മിശ്രിതം നടപ്പിലാക്കുന്നതിന് മുമ്പുണ്ടായിരുന്ന പെട്രോളിന്റെ അതേ വിലയ്ക്കാണ് എന്നാൽ നിലവിൽ E20 ഇന്ധനം വിൽക്കപ്പെടുന്നത്. ഈ ഇന്ധനം കുറഞ്ഞ മൈലേജും വാഹനഭാഗങ്ങളിൽ കൂടുതൽ തേയ്മാനവും ഉണ്ടാക്കുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നു. വാഹനത്തിന്റെ പ്രവർത്തനക്ഷമതയെയും പരിപാലനച്ചെലവിനെയും കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്ന് സാഹചര്യമുണ്ടെന്ന്' ചൂണ്ടിക്കാണിച്ച സിപിഐഎം പകരം ശുദ്ധ പെട്രോൾ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നും ചൂണ്ടിക്കാണിച്ചു.
ഭക്ഷ്യവിളകൾ ഇന്ധന ഉൽപാദനത്തിനായി തിരിച്ചുവിടുന്നത് ഈ നയത്തിന്റെ മറ്റൊരു ഗുരുതര പ്രത്യാഘാതമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി. പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ജനവിഭാഗങ്ങൾ ഇപ്പോഴും രാജ്യത്ത് ഉള്ള സാഹചര്യത്തിൽ ഭക്ഷ്യവിളകൾ ഇന്ധനത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിപിഐഎം വ്യക്തമാക്കി. എഥനോൾ ഉൽപാദനം വർധിപ്പിക്കുന്നതിനായി ചോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നത് ആശങ്കാജനകമാണെന്നും സിപിഐഎം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നയം കൊണ്ട് വൻകിട കോർപ്പറേറ്റുകൾക്കും വലിയ പഞ്ചസാര മില്ലുകൾക്കും മാത്രമാണ് പ്രയോജനം ലഭിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സിപിഐഎം ഇത് കൃഷിരീതികളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായും ആരോപിച്ചു. ജലസ്രോതസ്സുകൾ അമിതമായി ആവശ്യമായ വിളകളുടെ കൃഷി ഭൂഗർഭജലത്തിന്റെ ദൗർലഭ്യതയ്ക്ക് കാരണമാകുന്നുമെന്നും സിപിഐഎം കുറ്റപ്പെടുത്തി.
ജനങ്ങളുടെ താൽപര്യങ്ങളെക്കാൾ കോർപ്പറേറ്റുകളുടെ ലാഭത്തിനാണ് മോദി സർക്കാർ മുൻഗണന നൽകുന്നതെന്നതിന്റെ തെളിവാണ് ഈ നയമെന്നും സിപിഐഎം വിമർശിച്ചു. ഭക്ഷ്യസുരക്ഷ, കർഷകരുടെ താൽപര്യങ്ങൾ, ഉപഭോക്തൃ അവകാശങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നയം തുടരാൻ അനുവദിക്കാനാകില്ലെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി. ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും അത് ഭക്ഷ്യസുരക്ഷയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉപഭോക്താക്കളുടെ താൽപര്യങ്ങളുടെയും ചെലവിൽ ആയിരിക്കരുതെന്നും സിപിഐഎം ആവശ്യപ്പെട്ടു.
എല്ലാ ഇന്ധന വിതരണകേന്ദ്രങ്ങളിലും എഥനോൾ മിശ്രിത ഇന്ധനവും ശുദ്ധ പെട്രോളും ഒരുപോലെ ലഭ്യമാക്കണമെന്നും ഏത് ഇന്ധനം ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്നും പ്രസ്താവനയിൽ സിപിഐഎം ആവശ്യപ്പെട്ടു. കുറഞ്ഞ മൈലേജും വാഹനങ്ങളുടെ അധിക തേയ്മാനവും കണക്കിലെടുത്ത് എഥനോൾ മിശ്രിത ഇന്ധനത്തിന്റെ വില പെട്രോളിനേക്കാൾ ആനുപാതികമായി കുറവായിരിക്കണം.എഥനോൾ മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തിൽ കൂടുതൽ ഉയർത്തരുതെന്നും സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.
അമേരിക്ക പ്രോത്സാഹിപ്പിക്കുന്ന ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യുന്നതിനെതിരെയും സിപിഐഎം മുന്നറിയിപ്പ് നൽകി. അത്തരം ചോളം മനുഷ്യ ഉപഭോഗത്തിനായി വഴിമാറാനും നമ്മുടെ തദ്ദേശീയ വിളകളെ മലിനമാക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും സിപിഐഎം പ്രസ്താവിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഉയർത്തുന്ന ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിച്ച് എഥനോൾ മിശ്രിത നയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്ന പ്രതീക്ഷയും സിപിഐഎം പങ്കുവെച്ചു. അല്ലാത്തപക്ഷം ഈ നയത്തിനെതിരെ രാജ്യവ്യാപകമായ ജനകീയ പ്രതിഷേധം ശക്തമാകുമെന്നും പത്രക്കുറിപ്പിൽ സിപിഐഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: CPI(M) has warned of widespread public protests if the ethanol blending fuel policy is not withdrawn, citing concerns over its economic impact, consumer choice, and vehicle performance.