കനത്ത മഴയില്‍ വലഞ്ഞ് രാജ്യം: ദുരിതം തീരാതെ അസം, മരിച്ചവരുടെ എണ്ണം 96 ആയി

നിലവില്‍ അമ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്

ന്യൂഡല്‍ഹി: കനത്ത മഴയില്‍ വലഞ്ഞ് രാജ്യം. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴ തുടരുന്ന അസമില്‍ മരിച്ചവരുടെ എണ്ണം 96 ആയി ഉയരുകയും ചെയ്തു. ലക്ഷക്കണക്കിന് പേരെയാണ് പ്രളയം ബാധിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. അമ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹിരാകുഡ് അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ 14 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ കേദാര്‍നാഥ്, ബദ്രിനാഥ് തീര്‍ത്ഥാടകര്‍ക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം വെള്ളപ്പൊക്കമുണ്ടായ മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണ്. പ്രധാനമായും ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള നദികളിലെ ജലനിരപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അസമിലെ പല ഭാഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഉത്തരാഖണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ഡെറാഡൂണ്‍, ചമോലി, ബാഗേശ്വര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യാത്ര തിരിക്കുന്നതിന് മുന്‍പ് കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: Assam Flood Death Toll Rises to 96 as Heavy Rain Continues

To advertise here,contact us