'ഇന്ത്യയുടെ ഭാവിയെ നിങ്ങൾ സംരക്ഷിച്ചു, മാപ്പപേക്ഷിക്കേണ്ട കാര്യമില്ല'; വിദ്യാർത്ഥികളോട് രാഹുൽ ഗാന്ധി

ചോദ്യ പേപ്പര്‍ ചോര്‍ച്ച അവസാനിക്കണം, വിദ്യാഭ്യാസ രീതി മികച്ചതാകണം, രാജ്യത്തിന്റെ ഭാവിയായവരെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും രാഹുൽ പറഞ്ഞു

ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ പങ്കെടുക്കുകയും ഡല്‍ഹി പൊലീസിന്റെ മര്‍ദത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയാകുകയും ചെയ്ത യുവതീ യുവാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ നിലപാടില്‍ അഭിമാനിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്ക് വേണ്ടി നിലനിന്ന യുവജനത ഇന്ത്യയുടെ ഭാവിയെയും 'ഇന്ത്യയുടെ ആശയ'ത്തെയുമാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുലിൻ്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കൊപ്പം മുംബൈ പൊലീസിനെ തടഞ്ഞ മോഡൽ റിയ ആഹിര്‍, പെല്ലറ്റ് ആക്രമണത്തിന് ഇരയായ ജാര്‍ഖണ്ഡ് സ്വദേശിനി, ലാത്തി കൊണ്ട് മര്‍ദനമേറ്റ മുസ്‌കാന്‍ ശര്‍മ എന്നിവരും ഉണ്ടായിരുന്നു.

'വിദ്യാര്‍ത്ഥികള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ ഇവരെ നിര്‍ത്താതെ ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ലാത്തിക്കൊണ്ടടിച്ചു, മര്‍ദിച്ചു. ഈ സാഹചര്യത്തില്‍ ഇവരും നിങ്ങളോട് രണ്ടുവാക്ക് സംസാരിക്കണമെന്ന് എനിക്ക് തോന്നി. അന്യായം നടക്കുമ്പോള്‍, അത് ആര്‍ക്ക് എതിരെയായാലും ഒരു പൗരന്‍ എന്ന നിലയില്‍ അവരെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത ഓരോ വിദ്യാര്‍ത്ഥിയെയും ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങളുടെ ക്ഷമാപണം അംഗീകരിച്ചോ എന്നൊരു ചോദ്യം ഉദിക്കുന്നില്ല. ആരോടും നിങ്ങള്‍ മാപ്പ് പറയേണ്ട. പ്രതിഷേധത്തില്‍ പങ്കെടുത്തവരുമായി സംസാരിച്ചപ്പോള്‍ അവര്‍ എങ്ങനെയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്, മര്‍ദിക്കപ്പെട്ടത്, ഭീഷണികള്‍ നേരിട്ടത് എന്നിവയെ കുറിച്ചെല്ലാം അവര്‍ എന്നോട് സംസാരിച്ചു. ഇവരെ പോലെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് യുവാക്കളുടെ നിലപാടില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭരണഘടനയ്ക്ക് വേണ്ടിയാണ് അവര്‍ നിലകൊണ്ടത്', രാഹുൽ ഗാന്ധി പറഞ്ഞു.

വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെയാണ് സംരക്ഷിച്ചത്. അവര്‍ 'ഇന്ത്യയുടെ ആശയ'ത്തെയെയാണ് സംരക്ഷിച്ചത്. രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഉപയോഗശൂന്യമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ല. ഒരു വ്യവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ അത് തിരുത്തപ്പെടണം. ഇത് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. അവര്‍ കലാപം നടത്തിയിട്ടില്ല, അക്രമാസക്തരായിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. അവരാണ് മര്‍ദിക്കപ്പെട്ടത്, ഭീഷണി നേരിട്ടത്. പതിനഞ്ച് വയസുള്ള കൊച്ചുകുട്ടിയുടെ വീട്ടിലേക്ക് വരെ ഗുണ്ടകളെ അയച്ച്, അവരെ നിര്‍ബന്ധിച്ച് മാപ്പ് പറയിപ്പിക്കുന്നതും ആ ക്ഷമാപണം അംഗീകരിക്കുന്നതും അസംബന്ധമാണ്. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ചോദ്യ പേപ്പര്‍ ചോര്‍ച്ച അവസാനിക്കണം, വിദ്യാഭ്യാസ രീതി മികച്ചതാകണം, രാജ്യത്തിന്റെ ഭാവിയായവരെ മാനിക്കുകയും സംരക്ഷിക്കുകയും വേണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന് പിന്നാലെ റിയ ആഹിർ അടക്കമുള്ളവരും പ്രതികരിച്ചു. മുംബൈ പൊലീസിനെ തടഞ്ഞ് വൈറലായ റിയ ആഹിര്‍ എന്ന പെണ്‍കുട്ടിയാണ് താനെന്നും എന്നാല്‍ നിയമവിരുദ്ധമായി 20 കുട്ടികളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തടഞ്ഞ ആൾ എന്നാണ് തന്നെക്കുറിച്ച് തനിക്ക് മാധ്യമങ്ങളോട് പറയാനുള്ളതെന്നും പറഞ്ഞുകൊണ്ടാണ് റിയ തുടങ്ങിയത്. മാധ്യമങ്ങൾ ദയവ് ചെയ്ത് നിങ്ങളുടെ വിവരണവും ധാരണകളും തിരുത്തണം. തന്നെ നിരന്തരം വേട്ടയാടി. അപഹസിച്ചു.

ഇത് പരിഹാസമല്ല, കുറ്റമാണ്. തനിക്കെതിരായ അതിക്രമങ്ങളിൽ ജൂലൈ പതിനേഴിന് പരാതി നൽകി. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിയ പറഞ്ഞു. അവര്‍ പെണ്‍മക്കളെ പഠിക്കാൻ സമ്മതിക്കില്ല, അവരെ സംരക്ഷിക്കുകയുമില്ല. താൻ ഏത് കുട്ടികള്‍ക്ക് വേണ്ടി നിലകൊണ്ടോ ഇന്ന് അവര്‍ തനിക്ക് വേണ്ടിയും നിലകൊള്ളുന്നു എന്നാണ് തനിക്ക് പറയാനുള്ളത്. ഒരു പൗരനെന്ന നിലയില്‍ മറ്റൊരു പൗരന് വേണ്ടിയും നിലകൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും റിയ പറഞ്ഞു.

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ജാര്‍ഖണ്ഡ് സ്വദേശിയായ ലൂതന്‍ ടൊപ്പുവും പ്രതികരിച്ചു. പെലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് താന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണെന്ന് ലൂതൻ പറഞ്ഞു. തിരിഞ്ഞുനോക്കിയതും പിറകില്‍ നിന്നും അവര്‍ വെടിവച്ചു. ജൂണ്‍ 20ന് ജന്തര്‍ മന്തറിലാണ് ഇത് സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി. യുപി സ്വദേശിനിയായ ഫര്‍ഹാനസ് എന്ന യുവതിയും പൊലീസുകാര്‍ തങ്ങളുടെ നേരെ നടത്തിയ അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചു. തന്നെ മർദിച്ചതിന് ശേഷം മണിക്കൂറുകളോളം ബസിൽ ഇരുത്തിയതായി ഫർഹാനസ് പറഞ്ഞു. തൻ്റെ പേര് അവർ ചോദിച്ചു. പേര് പറഞ്ഞപ്പോൾ ദേശദ്രോഹിയെന്ന നിലയിലാണ് തന്നോട് പെരുമാറിയതെന്നും ഫർഹാനസ് പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് പകരം അമിത് ഷായുടെ രാജിയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെങ്കില്‍ വെടിവെച്ച് കൊന്നേനെ എന്നായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത നാഗ്പൂര്‍ സ്വദേശിയായ യുവാവ് പറഞ്ഞത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെ മര്‍ദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആരാണ് നിര്‍ദേശം നല്‍കിയതെന്ന ചോദ്യമാണ് പൊലീസ് അതിക്രമത്തിന് ഇരയായ മുസ്‌കാന്‍ എന്ന മറ്റൊരു യുവതി ചോദിച്ചത്. അവര്‍ തന്നോട് മാപ്പപേക്ഷിച്ചിരുന്നെങ്കിൽ തനിക്കതൊരു സന്തോഷമായിരുന്നു. മുസ്‌കാന്‍ ശര്‍മ എന്നാണ് തന്റെ മുഴുവന്‍ പേര്. മുസ്‌കാന്‍ എന്ന പേര് കേട്ട് തന്നെ അധിക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുസ്‌ലിമാണെങ്കില്‍ രാജ്യദ്രോഹി എന്ന നിലയിലാണ് പ്രചാരണമെന്നും മുസ്‌കാന്‍ ചൂണ്ടിക്കാട്ടി.

Content Highlights: Rahul Gandhi stated that those involved in CJP protesters had not committed any mistake and were protecting the idea of India. He said there was no need for them to apologise and expressed support for their actions.

To advertise here,contact us