ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ വിലയിരുത്തലുമായി ബിജെപി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച തിരിച്ചടിയായി എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥി - യുവജന പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രീയ സാഹചര്യം നേരിട്ട് വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിതീഷ് കുമാര്‍, ശിവരാജ് സിംഗ് ചൗഹാന് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അതേസമയം ദാത്തിയ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ നടപടി ഉണ്ടായി. ദാത്തിയ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കന്ശ്യാം സിങ് ആയിരുന്നു ദാത്തിയയില്‍ വിജയിച്ചത്. ബങ്കിപൂര്‍ മണ്ഡലത്തിലെ പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ ആര്‍ജെഡിയും ആശങ്കയിലാണ്.
ഉപ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബിജെപിക്ക് വലിയ പരാജയം ആണ് നേരിടേണ്ടി വന്നത്. ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹയെ 18,953 വോട്ടുകള്‍ക്ക് പിന്നിലാക്കിയായിരുന്നു പ്രശാന്തിന്റെ വിജയം. ആര്‍ജെഡിയുടെ രേഖ ഗുപ്തയാണ് മൂന്നാം സ്ഥാനത്ത്. ബിജെപി പരാജയമറിയാത്ത മണ്ഡലമായിരുന്നു ഇതുവരെ ബങ്കിപ്പൂര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് മണ്ഡലത്തില്‍ നിന്ന് ഒടുവില്‍ നിയമസഭയിലേക്ക് എത്തിയത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിതിന്‍ നബിന് സ്ഥാനമൊഴിഞ്ഞു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച അഭിഷേക് കുമാര്‍ നാമനിര്‍ദേശം സമര്‍പ്പിച്ചതിന് അടുത്ത ദിവസം മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് നീരജ് കുമാര്‍ സിന്‍ഹയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ഡലത്തില്‍ പരാജയപ്പെട്ടു എന്നതിനപ്പുറം ബിജെപിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയായാണ് ബങ്കിപ്പൂറിലെ പരാജയത്തെ വിലയിരുത്തുന്നത്.
വരാനിരിക്കുന്ന വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം രാമക്ഷേത്ര കൊള്ള അടക്കം ആരോപണങ്ങളായി ഉന്നയിക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ബിജെപിക്കുള്ളില്‍ പുകയുന്നത്.
Content Highlights: The BJP has attributed its disappointing bypoll performance to the fallout from the NEET paper leak controversy and student-led protests. Prime Minister Narendra Modi reviewed the electoral outcome with senior party leaders, while the party also initiated organisational action in Madhya Pradesh following its defeat in Datia.