കടുകിലും ഗ്രാമ്പുവിലും ജീരകത്തിലും മായം; ചേർത്തത് ടാൽകം പൗഡർ ഉൾപ്പെടെ, പിടിച്ചെടുത്തത് 25000-കിലോയിലേറെ

സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ 25000-കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങള്‍. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാരുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡല്‍ട്ടറേഷന്‍ സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് സുഗന്ധവ്യഞ്ജനങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തുണിയില്‍ ചേര്‍ക്കുന്ന ചായങ്ങള്‍, ടാല്‍ക്കം പൗഡര്‍, സിന്തറ്റിക് നിറങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ ചേര്‍ക്കുന്നത്.

6700 കിലോഗ്രാം ജീരകം, 4960 കിലോഗ്രാം കടുക്, 2350 കിലോഗ്രാം ജീരക പൊടി, 550 കിലോഗ്രാം ഗ്രാമ്പൂ, തുടങ്ങിയ നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ പിടിച്ചെടുത്തു. ഇതിനുപുറമെ, മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന 89,150 കിലോഗ്രാം അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു.

ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചതെന്ന് ഹൈദരാബാദ് വി സി സജ്ജനാർ പറഞ്ഞു. 13 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന മായമാണ് സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെ തിളക്കം, ഭാരം എന്നിവ വർദ്ധിപ്പിക്കാനാണ് ഇത്തരത്തിൽ മായം ചേർക്കുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് മായം ചേർക്കുന്ന രീതികൾ പഠിച്ചതെന്ന് പ്രതികൾ പറഞ്ഞതായി സജ്ജനാർ പറഞ്ഞു.

Content Highlights:Over 25,000 Kg Adulterated Spices Found During Inspections at Various Shops in hyderabad

To advertise here,contact us