ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്നും വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മനോരോഗവിദഗ്ധയായ ഡോക്ടര്‍ ഹേമിക അഗര്‍വാള്‍ (40) ആണ് മരിച്ചത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്ഷനിലുള്ള അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീണാണ് ഹേമിക അഗര്‍വാള്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നാണ് ഡോക്ടര്‍ വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുതാമസക്കാര്‍ ഓടിയെത്തി. തുടര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് തെളിവുകളും റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഒന്നരവര്‍ഷം മുന്‍പാണ് ഡോ. ഹേമിക വിവാഹമോചിതയായത്. ഇതിനുശേഷം മകള്‍ കടുത്ത മാനസികപ്രയാസങ്ങള്‍ നേരിട്ടിരുന്നതായും പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആര്. ചന്ദ്ര പറഞ്ഞു. മകള്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും മൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നും സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Woman Doctor Dies After Falling From Fifth Floor Of Apartment