ചെന്നൈ: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാകുന്നു. ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്. തഞ്ചാവൂരില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്യെയും അപമാനിക്കുന്ന തരത്തില്‍ ഉദയനിധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.
'വളരെ അറപ്പുളവാക്കുന്നത്. ഇത്തരം അനാവശ്യ പരമാര്‍ശങ്ങള്‍ ആര്‍ക്കെതിരെ നടത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് ചില സംഘങ്ങളുടെ രാഷ്ട്രീയ സംസ്കാരവും നിലവാരമില്ലായ്മയുമാണ് പുറത്തുകൊണ്ടുവരുന്നത്' എന്നായിരുന്നു ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ പ്രതികരിച്ചത്. ഇതാണ് നിലവിലെ ഉദയനിധിയുടെ ഏറ്റവും തരംതാഴ്ന്ന പ്രസ്താവനയെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംഭവത്തില്‍ ഉദയനിധിക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് നാരായണന് തിരുപ്പതിയും രംഗത്തെത്തി. തഞ്ചാവൂരില്‍ മുഖ്യമന്ത്രി വിജയ്ക്കും തൃഷയ്ക്കും നേരെ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗം അറപ്പുളവാക്കുന്നതും അശ്ലീല ചുവയുള്ളതും മോശവും നാണംകെട്ടതുമാണെന്നായിരുന്നു നാരായണന് തിരുപ്പതി പറഞ്ഞത്. അമ്മയും ഭാര്യയും മകളുമുള്ള ഒരു കള്ളനോ മോശം സ്വഭാവമുള്ള ഒരാളോ ഇത്രയും മോശമായി സംസാരിക്കില്ല. ഒരമ്മയും ഭാര്യയും മകളും ഇത് ക്ഷമിക്കുകയുമില്ല. ദ്രാവിഡ മാതൃക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടത്തിന്റെ ഇത്തരം മോശം രീതികളെ മുന്‍ മുഖ്യമന്ത്രി കണ്ടിട്ടും അവരെ തിരുത്താന്‍ തയ്യാറാകാത്തത് നാണക്കേടാണെന്നും ബിജെപി വക്താവ് എക്സില്‍ കുറിച്ചു.
Content Highlights: TVK criticised remarks made by Udayanidhi about actor Trisha, describing the comments as disgusting and unacceptable