നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി എംപി

സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ നിയമപ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വാര്‍ത്താവിനിമയ- ഐടി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ ദുബെ സമിതി യോഗത്തിന് ശേഷമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം എന്ന് ആവശ്യപ്പെട്ടത്. സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ നിയമപ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കി.

'ഇതാദ്യമായല്ല മെറ്റ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 2024-ല്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് പ്രസ്താവന നടത്തുകയും പിന്നീട് അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് മാപ്പുപറയണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ സെക്ഷന്‍ 79 പ്രകാരമുളള സേഫ് ഹാര്‍ബര്‍ ആനുകൂല്യം പിന്‍വലിക്കേണ്ടിവരും': നിഷികാന്ത് ദുബെ പറഞ്ഞു.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. സാങ്കേതിക തകരാര്‍ മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു മെറ്റയുടെ വിശദീകരണം. മണിക്കൂറുകള്‍ക്കകം വീഡിയോ വീണ്ടും പബ്ലിക് ആക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് വ്യക്തമാക്കി മെറ്റ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞത്.

Content Highlights: Parliamentary panel chief Nishikant Dubey demands a personal apology from Meta CEO Mark Zuckerberg over the temporary removal of PM Narendra Modi's Facebook video

To advertise here,contact us