ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിലെ 14 ജില്ലകളും പൂര്‍ണമായി വെള്ളത്തിനടിയിലാണ്. 82 മരണമാണ് ഇതുവരെ മഴക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍, കടകള്‍, സ്കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും വെള്ളത്തിനടിയിലാണ്.
ഒഡീഷയിലും സമാനമായ സാഹചര്യം തുടരുകയാണ്. ഒഡീഷയിലെ പത്ത് ജില്ലകളിലാണ് പ്രധാനമായും മഴക്കെടുതി രൂക്ഷമായി തുടരുന്നത്. പ്രധാനപ്പെട്ട നദികള്‍ കരകവിഞ്ഞൊഴുകുന്നത് തീരത്തുള്ള വീടുകളില്‍ വെള്ളം കയറുന്നതിനും സാഹചര്യം രൂക്ഷമാകാനും ഇടയാക്കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നാഷണല്‍ ഹൈവേ ഉള്‍പ്പടെ 102 റോഡുകളാണ് ഹിമാചല്‍ പ്രദേശില്‍ അടച്ചിട്ടിരിക്കുന്നത്.
ഡൽഹി, യുപി, ബിഹാർ, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും വിവിധ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം ചിലസ്ഥലങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും അസമില്‍ ഉടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകള്‍ തുറന്നിതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി മണ്ണിടിച്ചിലും മിന്നല്‍പ്രളയവും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
ബ്രഹ്മപുത്ര, ദിഖൗ, ബുരിദിഹിങ്, ധന്‍സിരി തുടങ്ങിയ പ്രധാന നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അസമിലെ ശിവസാഗര്‍, ജോര്‍ഹാട്ട്, ചാരായ്ഡിയോ തുടങ്ങി 16-ഓളം ജില്ലകളിലായി ലക്ഷക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കൂടുതല്‍ ആളുകളെ കൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കരസേനയും ദുരന്തനിവാരണ സേനയും (SDRF) ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മേഘാലയ, നാഗാലാന്‍ഡ് അരുണാചല്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ഒഡീഷയില്‍ കനത്ത മഴയ്ക്ക് കാരണമായത്. വടക്കന്‍ ഒഡിഷയിലെ ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, മയൂര്‍ഭഞ്ജ്, കെയോണ്‍ജര്‍ ജില്ലകളില്‍ പ്രളയസാഹചര്യം രൂക്ഷമായി തുടരുകയാണ്.
Content Highlight : Heavy Rains Worsen Flood Situation in Assam, Odisha and Several Other States