ബെംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന നടക്കുന്നതിനിടെ രാജിപ്രഖ്യാപിച്ച് എംഎല്‍എമാര്‍. പാര്‍ട്ടിക്കുള്ളിലുള്ള തീരുമാനങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് മുതിര്‍ന്ന നേതാക്കളായ യശ്വന്ത്റായഗൗഡ പാട്ടീല്‍, ബേലൂര്‍ ഗോപാലകൃഷ്ണ എന്നിവര്‍ രാജി പ്രഖ്യാപിച്ചത്. ക്യാബിനറ്റില്‍ ഇടം കൊടുക്കാത്തില്‍ പ്രതിഷേധിച്ചാണ് യഥാക്രമം ഇന്‍ഡി, സാഗര്‍ എന്നിവടങ്ങളിലെ ജനപ്രതിനിധികളായ ഇരുവരും രാജി സന്നദ്ധത അറിയിച്ചത്.
തന്നെ മന്ത്രിയാക്കാമെന്ന വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ലെന്നാണ് പാട്ടീല്‍ ആരോപിക്കുന്നത്. അതേസമയം മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് മാത്രമാണ് പ്രാമുഖ്യം ലഭിക്കുന്നതെന്ന കാരണമാണ് ഗോപാലകൃഷ്ണ ഉയര്‍ത്തിയത്. 34 അംഗ സംസ്ഥാന ക്യാബിനറ്റിലെ ബാക്കി ഇരുപത് പേരുടെ സത്യപ്രതിജ്ഞയാണ് തിങ്കളാഴ്ച തീരുമാനിച്ചത്. എന്നാല്‍ പട്ടികയില്‍ ഉണ്ടായിരുന്ന ഗായത്രി ശാന്തീഗൗഡ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈയടുത്താണ് നിയമസഭ കൗണ്‍സിലിലേക്ക് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി ഇവര്‍ കൗണ്‍സില്‍ അംഗമായിട്ടില്ല.
ലോക്ഭവനിലെ ഗ്ലാസ് ഹൗസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. റോണ്‍ എംഎല്‍എ ജി എസ് പാട്ടീലാണ് കര്‍ണാടക നിയമസഭയിലെ പുതിയ സ്പീക്കര്‍. മുന്‍ സ്പീക്കര്‍ യു ടി ഖാദര്‍ മന്ത്രിസഭാംഗമായതോടെ ആണ് ഈ മാറ്റം. വിരാജ്പേട്ട് എംഎല്‍എ എ എസ് പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറാകും. നിയമസഭ കൗണ്‍സിലില്‍ മുതിര്‍ന്ന അംഗം സലീം അഹമ്മദ് പുതിയ ചെയര്‍പേഴ്സണാകും. എംഎല്‍സി ഉമാശ്രീ ഡെപ്യൂട്ടി ചെയര്‍പേഴ്സണാകും.
Content Highlights: Several MLAs announced their resignation, expressing dissatisfaction with the cabinet reshuffle. They alleged that the reorganization gave preference only to the children of former chief ministers