'മോദി രാജ്യത്തെ മികച്ചതാക്കിയെങ്കിൽ നിങ്ങളെന്തിനാണ് ദുബായിൽ താമസിക്കുന്നത്'; നടന്മാർക്കെതിരെ രാജ് താക്കറെ

'രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍, മോദി രാജ്യത്തെ മുന്നോട്ടുനയിക്കുന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തിനാണ് വിദേശത്ത് താമസിക്കുന്നത്?' രാജ് താക്കറെ ചോദിച്ചു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന നടന്മാരായ ആര്‍ മാധവനെയും വിവേക് ഒബ്‌റോയിയെും പരിഹസിച്ച് മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ മഹത്തായ രാജ്യമാക്കി മാറ്റുകയാണ് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ദുബായില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം ചോദിച്ചത്. മോദിയുടെ 12 വര്‍ഷക്കാലത്തെ ഭരണകാലയളവില്‍ ആയിരക്കണക്കിന് വ്യവസായികളാണ് നാടുവിട്ട് പോയതെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയില്‍ നടന്ന എംഎന്‍എസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷ വേദിയിലാണ് രാജ് താക്കറെയുടെ പരിഹാസം.

'ചില അഭിനേതാക്കള്‍ ഇന്ത്യയിലേക്ക് വന്ന് 'ദുരന്ധര്‍ പോലുളള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമകളില്‍ അഭിനയിച്ച് ദുബായിലേക്ക് മടങ്ങുകയാണ്. പിഎം നരേന്ദ്രമോദി എന്ന സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷം ചെയ്തത് വിവേക് ഒബ്‌റോയ് ആണ്. എന്നാല്‍ അദ്ദേഹം താമസിക്കുന്നത് വിദേശത്താണ്. ദുബായില്‍. മോദിയുടെ ഭരണകാലയളവില്‍ എല്ലാം എത്ര മികച്ചതായി തീര്‍ന്നുവെന്ന് പറയുന്ന, രാജ്യം എങ്ങനെ മാറി എന്നത് സംബന്ധിച്ച് വാചാലനാകുന്ന ആര്‍ മാധവന്‍ തന്റെ കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. ഈ നടന്മാര്‍ക്ക് രാജ്യത്തോടും പ്രധാനമന്ത്രിയോടും സ്‌നേഹമുണ്ടെങ്കില്‍, അദ്ദേഹം രാജ്യത്തെ മുന്നോട്ടുനയിക്കുന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് വിദേശത്ത് താമസിക്കുന്നത്?' രാജ് താക്കറെ ചോദിച്ചു.

സൈബര്‍ ആക്രമണം ഭയന്നാണ് പല അഭിനേതാക്കളും പൊതുവിഷയങ്ങളില്‍ മൗനം പാലിക്കുന്നതെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു. ട്രോളുകളും സൈബര്‍ ആക്രമണവും വരുമെന്നതിനാല്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാതിരിക്കുന്നതാണ് നല്ലത് എന്നാണ് പല അഭിനേതാക്കളും പറയുന്നതെന്നും താക്കറെ പറഞ്ഞു. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വഴിതെറ്റി പോയവരെന്നും അവരെ നേര്‍വഴിക്ക് കൊണ്ടുവരണമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു.

'അപകീര്‍ത്തികരമായ ഭാഷാപ്രയോഗം അംഗീകരിക്കാനാവില്ല. പക്ഷെ മോദി ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയാണ് നിയന്ത്രിക്കേണ്ടത്. സര്‍ക്കാരിനെതിരെ വര്‍ഷങ്ങളായുളള രോഷവും നിരാശയുമാണ് വിദ്യാര്‍ത്ഥി പ്രതിഷേധത്തിലെ വന്‍ പങ്കാളിത്തത്തില്‍ പ്രതിഫലിച്ചത്. കുട്ടികളുടെ പ്രതീക്ഷകള്‍ തകര്‍ക്കപ്പെടുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി ഒന്നും നടക്കുന്നില്ല എന്നാവുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എന്താണ് ചെയ്യേണ്ടത്? പാര്‍ലമെന്റിലേക്കുളള മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയുടെ ഉത്തരവാദികള്‍ ആരാണ്? ആ നടപടികള്‍ക്ക് ഉത്തരവിട്ടവര്‍ എന്നാണ് മാപ്പുപറയുക': രാജ് താക്കറെ ചോദിച്ചു.

Content Highlights: MNS chief Raj Thackeray targets actors R Madhavan and Vivek Oberoi, asking why they relocated to Dubai if they believe PM Modi transformed India.

To advertise here,contact us