അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലും മഴക്കെടുതിയില്‍ മരണം 82 ആയി. ചിലസ്ഥലങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകള്‍ തുറന്നിതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായതെന്ന് അധികൃതര്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി മണ്ണിടിച്ചിലും മിന്നല്‍പ്രളയവും അനുഭവപ്പെട്ടു. നൂറുകണക്കിന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലും മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു.

ബ്രഹ്‌മപുത്ര, ദിഖൗ, ബുരിദിഹിങ്, ധന്‍സിരി തുടങ്ങിയ പ്രധാന നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അസമിലെ ശിവസാഗര്‍, ജോര്‍ഹാട്ട്, ചാരായ്ഡിയോ തുടങ്ങി 16-ഓളം ജില്ലകളിലായി ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചത്. കൂടുതല്‍ ആളുകളെ കൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കരസേനയും ദുരന്തനിവാരണ സേനയും (SDRF) ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മേഘാലയ, നാഗാലാന്‍ഡ് അരുണാചല്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ഒഡീഷയില്‍ കനത്ത മഴയ്ക്ക് കാരണമായത്.വടക്കന്‍ ഒഡിഷയിലെ ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, മയൂര്‍ഭഞ്ജ്, കെയോണ്‍ജര്‍ ജില്ലകളില്‍ പ്രളയസാഹചര്യം രൂക്ഷമായി തുടരുന്നു.

Content Highlight : Rain-related havoc in Assam and Odisha; death toll reaches 82

To advertise here,contact us