രണ്ട് വർഷങ്ങൾക്ക് ശേഷം പൊതുമധ്യത്തിൽ വരാനൊരുങ്ങി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

മാധ്യമങ്ങളെ കാണുന്ന ഷെയ്ഖ് ഹസീന തന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുമെന്നാണ് വിവരം

ന്യൂഡൽഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇതാദ്യമായി പൊതുമധ്യത്തില്‍ വരുന്ന വിവരം അറിയിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ആറ് മുതല്‍ 7:30 വരെ ന്യൂഡല്‍ഹിയിലെ മഥുര റോഡിലുള്ള സര്‍ മാര്‍ക്ക് ടുള്ളി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഷെയ്ഖ് ഹസീന മാധ്യമങ്ങളെ കാണുക. ന്യൂഡല്‍ഹിയില്‍ ഫോറിന്‍ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ (എഫ്സിസി സൗത്ത് ഏഷ്യ) വെര്‍ച്വലായി ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ

പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചത്. മാധ്യമങ്ങളെ കാണുന്ന ഷെയ്ഖ് ഹസീന തന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുമെന്നാണ് വിവരം.

അതേസമയം, ഷെയ്ഖ് ഹസീന രാജ്യത്ത് കാലുകുത്തുന്ന നിമിഷം അറസ്റ്റ് ചെയ്യുമെന്ന് നിയമമന്ത്രി എം അസദുസ്സമാന്‍ പറഞ്ഞിരുന്നു. ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി ഹസീന വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞതിന് പിന്നാലെയായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം.

2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. 2025 ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേൽ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം തേടിയത്.

Content Highlights: Former Bangladesh Prime Minister Sheikh Hasina is set to make a public appearance after a gap of two years, drawing attention amid political developments.

To advertise here,contact us