ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സമ്മതിച്ചതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തന്റെ അഭ്യർത്ഥനയെ തുടർന്നാണ് വിജയ് സന്ദർശനം മാറ്റിവെച്ചതെന്നും ധീരനായ നേതാവാണ് അദ്ദേഹമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കാവേരി നദിയിൽ നിന്ന് വെളളം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ പ്രശ്നം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിജയ്യുടെ കർണാടക സന്ദർശനം മാറ്റിവെച്ചത്.
'വിജയ്യോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും അദ്ദേഹം ധീരനായ നേതാവാണ്. ആ തീരുമാനത്തെ ഞാൻ അഭിനന്ദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എന്തുതന്നെയായാലും കർണാടകയിലേക്ക് വരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കൂടുതൽ മെച്ചപ്പെട്ടതും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ നമുക്ക് കാണണം എന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. എന്റെ സുഹൃത്തുക്കൾക്കുനേരെ ആരും ആക്രോശിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നമ്മൾ പരസ്പരം ബഹുമാനിക്കേണ്ടവരാണ്. ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. ആത്യന്തികമായി ഇന്ത്യ ഒന്നാണ്': ഡി കെ ശിവകുമാർ പറഞ്ഞു.
ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് കർണാടക തീരുമാനിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്ന് കന്നഡ സംഘടനകള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ വിജയ്യുമായുള്ള കൂടിക്കാഴ്ച ഡി കെ ശിവകുമാര്‍ റദ്ദാക്കുകയായിരുന്നു.
വരുന്ന പതിനഞ്ച് ദിവസം തമിഴ്നാടിന് 3,500 ക്യുസെക്സ് ജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ സമിതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു ജലനിയന്ത്രണ സമിതി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും ശരിവെച്ചിരുന്നു. കര്‍ണാടക ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാണെന്നും ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കര്‍ണാടക അറിയിച്ചത്. എന്നാല്‍ കര്‍ണാടകയുടെ വാദം ജല മാനേജ്മെന്റ് അതേറിറ്റി തള്ളി. ഇതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്.
Content Highlights: Karnataka CM DK Shivakumar praises Tamilnadu CM Vijay as a courageous leader after Vijay postponed his Bengaluru visit amid the Cauvery row