വീട് ഒഴിപ്പിക്കുന്നതിനിടെ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്ത് അഭിഭാഷകന്‍, ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയില്‍

ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ഇയാളുടെ ആക്രമണം

ചണ്ഡീഗഡ്: കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒഴിപ്പിക്കല്‍ നടപടിക്കിടെ സ്ത്രീക്ക് നേരെ അഭിഭാഷകന്‍ വെടിയുതിര്‍ത്തതായി പരാതി. ചണ്ഡീഗഡിലെ സെക്റ്റര്‍ 42ലെ താമസസ്ഥലമാണ് കോടതി നിര്‍ദേശ പ്രകാരം അധികൃതര്‍ ഒഴിപ്പിക്കാന്‍ എത്തിയതത്. പൊലീസും കോടതി അധികൃതരും ചേര്‍ന്നായിരുന്നു നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടെയാണ് അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ജെപിഎസ് ചന്ദ എന്ന അഭിഭാഷകന്‍ വീടിനകത്ത് നിന്ന് ഒരു ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

വീടിന്റെ ഉടമസ്ഥയായിരുന്ന മഞ്ചിന്തര്‍ കൗറിന്റെ വായിലാണ് വെടിയേറ്റത്. ഗുരുതരകമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കോടതിയുടെ കൈവശാവകാശ ഉത്തരവ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് സംഘം എത്തിയപ്പോൾ വാടകക്കാരന്‍ വാതില്‍ തുറക്കുന്നതിന് പകരം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ സ്ഥലത്തുവെച്ചുതന്നെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ഇയാളുടെ ആക്രമണം.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലം പരിശോധിച്ചു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ ശേഖരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ലൈസന്‍സുള്ള തോക്കുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും ഇരയുടെ ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും.

Content Highlights: A court-ordered eviction in Chandigarh escalated after a lawyer allegedly opened fire from inside the property. A woman suffered serious injuries, and the accused was taken into custody at the scene. Police have launched a detailed investigation into the incident.

To advertise here,contact us