ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസമില്‍ മഴക്കെടുതിയില്‍ മരണം 82ആയി ഉയര്‍ന്നു. 1.92 ലക്ഷം പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതി ബാധിച്ചത്. ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കാണാതായവരുടെ പട്ടികയില്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12, 994 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 15, 430 ഹെക്ടര്‍ കൃഷിയിടങ്ങളും മഴയില്‍ മുങ്ങിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന ജില്ലകളില്‍ നിരവധി വീടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.
അതേസമയം ഒഡീഷയില്‍ കനത്ത മഴയിലും പ്രളയത്തിലും അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ പടിഞ്ഞാറന്‍ ഒഡീഷയില്‍ ചില ജില്ലകളില്‍ ശക്തമായ മഴപെയ്യുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഛത്തിസ്ഗഡിന് മുകളിലുള്ള ന്യൂനമര്‍ദം പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ മഴയുടെ അളവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. സംസ്ഥാനത്ത് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ഗുജറാത്തില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. 16,500 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്ന 41 പേരെ രക്ഷപ്പെടുത്തി. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Heavy rainfall has caused flash floods in Assam and Odisha, with severe rain-related disruption affecting several parts of North India. Flooding and adverse weather conditions continue to impact normal life as authorities monitor the evolving situation.