രാമക്ഷേത്ര സംഭാവനാ തട്ടിപ്പിനെതിരായ എംപിമാരുടെ ആക്ഷേപഹാസ്യ പ്രതിഷേധം; രാഹുൽ ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസ്

പാര്‍ലമെന്റിന് മുന്നില്‍ കാഷായ വേഷം ധരിച്ചെത്തി പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര കൊള്ളയ്‌ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ കേസെടുത്ത് പൊലീസ്. വാരണസി പൊലീസാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ കൂടാതെ എംപിമാരായ പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവരുടെ പേരും എഫ്‌ഐആറിലുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ കാഷായ വേഷം ധരിച്ചെത്തി പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മത വികാരം വ്രണപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വിഎച്ച്പി അടക്കമുള്ള സംഘടനകളാണ് പരാതി നല്‍കിയത്.

അയോധ്യ സംഭാവനാ തട്ടിപ്പില്‍ വേറിട്ട പ്രതിഷേധമായിരുന്നു പപ്പു യാദവും മറ്റ് പ്രതിപക്ഷ എംപിമായും നടത്തിയത്. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായി. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം.

സംഭാവനകള്‍ സ്വീകരിക്കാനുള്ള പെട്ടിയുമായി പപ്പു യാദവ് പാര്‍ലമെന്റിന്റെ മുറ്റത്ത് തറയിലിരുന്നു. സംഭാവന നല്‍കുന്ന ഭക്തരെപ്പോലെ അഭിനയിച്ച് രാഹുല്‍ ഗാന്ധിയടക്കമുള്ള മറ്റ് പ്രതിപക്ഷ എംപിമാര്‍ പെട്ടിയില്‍ പണമിട്ടു. ഈ പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന പുരോഹിതനായാണ് പപ്പു അഭിനയിച്ചത്. ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് തടയാനെത്തിയ ഭക്തനായി സമാജ് വാദി പാര്‍ട്ടി എംപി അവദേശ് പ്രസാദും ധര്‍മേന്ദ്ര യാദവും അഭിനയിച്ചു. പ്രിയങ്ക ഗാന്ധി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള എംപി മഹുവ മാജി എന്നിവരും നാടകത്തില്‍ പങ്കാളികളായിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ ഓം ബിര്‍ല എംപിമാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.

Content Highlights: Varanasi Police have registered a case against Rahul Gandhi and other opposition MPs over their protest related to allegations involving Ayodhya Ram Temple donations. The FIR was filed following complaints that the demonstration, which included a street-play-style performance, hurt religious sentiments.

To advertise here,contact us