

ന്യൂഡൽഹി/ നോയിഡ: സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 25കാരിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. നോയിഡ സ്വദേശി രുചിക സിങിനെതിരെയാണ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നോയിഡ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജൂലായ് 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് യുവതി അധിക്ഷേപ പരാമർശം നടത്തിയത്. സെക്ഷൻ 352, 353(1), 356(1) എന്നിീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം ഡൽഹിയിൽ നടന്നതിനാൽ അന്വേഷണത്തിനായി സീറോ എഫ്ഐആർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് കൈമാറും. നോയിഡയില്‍ താമസിക്കുന്ന രുചിക ഒരു സലൂണിലാണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രിയെ രുചിക അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭരണഘടനാപരമായ പദവിയുടെ അന്തസിനെ ഹനിക്കുന്ന, പൊതു സമാധാന അന്തീക്ഷം ഇല്ലാതാക്കുന്ന, വെറുപ്പ് പ്രചരിപ്പിക്കുന്ന പരാമർശമാണ് യുവതി നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
സുപ്രീം കോടതി അഭിഭാഷകയും ഗാസിയാബാദിലെ വസുന്ധര നിവാസിയുമായ സ്മൃതി സിങാണ് പരാതിക്കാരി. രുചിക സിങ് പ്രധാനമന്ത്രിക്ക് എതിരെ മോശം പരാമർശം നടത്തുന്ന ഒന്നിലധികം വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരെ നിയമപരമായ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് രുചികയുടെ മേൽവിലാസം കണ്ടെത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസിന്റെ അന്വേഷണത്തെ ആശ്രയിച്ചാകും അടുത്ത നടപടി സ്വീകരിക്കുകയെന്നാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം യുവതിക്കെതിരെ പൊലീസ് കേസെടുത്തിന് എതിരെ സിജെപി വക്താവ് സൗരവ് ദാസ് പ്രതികരണവുമായി രംഗത്തെത്തി. രുചികയുടെ പരാമർശങ്ങൾ തെറ്റായിരിക്കാം. എന്നിരുന്നാലും ഇത്തരം നടപടികൾ പാടില്ലെന്നാണ് സൗരവ് പറയുന്നത്. അപകീർത്തികരമായ ഭാഷ ഉപയോഗിച്ചാൽ അതിനെതിരെ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ആർക്കും ഫയൽ ചെയ്യാം. എന്നാൽ പ്രതിഷേധക്കാർക്ക് എതിരെ ക്രമിനിൽ നടപടി സ്വീകരിക്കുന്നത് അപലപനീയമാണെന്നും സൗരവ് അഭിപ്രായപ്പെട്ടു.
Content Highlights: Uttar Pradesh Police have registered a case against a 25-year-old woman for allegedly making an insulting remark against the Prime Minister during a CJP protest. The incident has led to legal action, and the matter is under police investigation