'ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്'; വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ താന്‍ മാപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്‌സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', പ്രധാനമന്ത്രി പറഞ്ഞു.

വികാരാധീനനായാണ് നരേന്ദ്ര മോദി വീഡിയോയില്‍ സംസാരിച്ചത്. ചെറിയ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ടത് നമ്മളാണെന്നും അത് തിരുത്താന്‍ ഇനി അവസരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ താന്‍ മാപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. 02 മിനിറ്റ് 54 സെക്കന്റ് വീഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.

അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമൻ്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രംഗത്തെത്തി. റീലിൽ മാത്രമാണോ മാപ്പ് നൽകുന്നതെന്നും കേസുകൾ പിൻവലിക്കുമോയെന്നും ദീപ്കെ ചോദിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി അഭിജീത് ദീപ്‌കെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ അവരുടെ വൃത്തിക്കെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെയും പ്രതികരണം.

'അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിങ്ങള്‍ കേസുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ എന്ന് കേസെടുക്കും?, അഭിജീത് ദീപ്‌കെ ചോദിച്ചു. ബിജെപി ഐടി സെല്ലിലെ ആളുകള്‍ക്ക് സ്ത്രീകളെ ഒരു തരത്തിലും ബഹുമാനമില്ലെന്ന് പറഞ്ഞ അഭിജിത് ദീപ്‌കെ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നുവരാണെന്ന് അഭിമാനത്തോടെ അവരുടെ ബയോയില്‍ എഴുതുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം ആളുകള്‍ സ്ത്രീകളെ മോശം ഭാഷയില്‍ നിരവധി തവണ അധിക്ഷേപിച്ചെന്നും അവര്‍ക്കെതിരെ എന്ന് കേസെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞും അഭിജീത് വിമര്‍ശിച്ചു.

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പേരിലാണ് 25കാരിക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്. നോയിഡ സ്വദേശി രുചിക സിങിനെതിരെയാണ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നോയിഡ എക്സ്പ്രസ്‌വേ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights: Prime Minister Narendra Modi about Jantar Mantar Protest

To advertise here,contact us