ഒടുവിൽ ഡൽഹി സർക്കാരും മുട്ടുമടക്കി; നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ല

ഭാവിയിലും പ്രതികൂല നടപടി സ്വീകരിക്കില്ലെന്ന് പൊലീസ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുക്കില്ല. സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഭാവിയിലും പ്രതികൂല നടപടി സ്വീകരിക്കില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കില്ലെന്നും ഡല്‍ഹി ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ ഡല്‍ഹി പൊലീസ് 13 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുപ്രീംകോടതിയുടെ ഉത്തരവുകളും നിലവിലുള്ള എഫ്‌ഐആറുകളും വിശദമായി പരിശോധിച്ച ശേഷമാണ് ഈ കേസുകളില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.

പ്രതിഷേധക്കാര്‍ക്ക് എതിരെ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് ബിഹാര്‍ പൊലീസും നേരത്തെ അറിയിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും റദ്ദാക്കാനാണ് തീരുമാനമായത്. കാരണം കാണിക്കല്‍ നോട്ടീസുകള്‍ പിന്‍വലിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും തീരുമാനിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ഭാവിയില്‍ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പട്‌നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് എകെ 47 തോക്ക് പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. ഐസയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. സംഭവം വിവാദമായതിന് പിന്നാലെ ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സാധാരണയായി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സേനകളെ അടക്കം നേരിടാന്‍ വേണ്ടി മാത്രമാണ് എകെ 47 തോക്ക് ഉപയോഗിക്കാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 ഉപയോഗിച്ചതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമായാണ് വിലയിരുത്തപ്പെട്ടത്. സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Content Highlights: delhi police says no action against neet exam protest participants

To advertise here,contact us