വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ട്; ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവുശിക്ഷയും 55,000 രൂപ പിഴയും വിധിച്ച് കോടതി

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി

ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം തടവുശിക്ഷയും 55,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ. നിലവില്‍ ഛോട്ടാ രാജന്‍ തിഹാര്‍ ജയിലില്‍ മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

'വിജയ കദം' എന്ന പേരിലാണ് വ്യാജ പാസ്‌പോര്‍ട്ട് ഇയാള്‍ സംഘടിപ്പിച്ചത്. 2002 മാര്‍ച്ച് 19ന് ചെന്നൈ റീജിയണല്‍ ഓഫീസില്‍ നിന്ന് ഛോട്ടാ രാജന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായി കാണിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ വിലാസവും പേരും സ്ഥാപിച്ചെടുക്കാന്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവയുള്‍പ്പടെയുള്ള വ്യാജ രേഖകള്‍ നിര്‍മ്മിച്ചതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുംബൈ സ്വദേശിയായ സദാശിവന്റെ മകനായ രാജേന്ദ്രയാണ് പിന്നീട് ഛോട്ടാ രാജന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശ യാത്രകള്‍ നടത്തിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും പിന്നീട് പ്രധാന ശത്രുവുമായ ഛോട്ടാ രാജിനെതിരെ നിരവധി കേസുകളുണ്ട്. അതിലൊന്നിലാണ് ചെന്നൈയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.

Content Highlights: Chhota Rajan Sentenced in Fake Passport Case for Obtaining Indian Passport with False Identity

To advertise here,contact us