വൈദ്യുതി ലൈനില്‍ വാട്ടര്‍ ടാങ്കര്‍ തട്ടി അപകടം; ഷോക്കേറ്റയാള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയിടങ്ങളില്‍ വൈദ്യുതാഘാതമേറ്റുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

സംഭാജിനഗര്‍: മഹാരാഷ്ട്രയില്‍ വാട്ടര്‍ ടാങ്കര്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. സംഭാജിനഗറിലാണ് സംഭവം. ശിവജി സാഹേബ്‌റാവു ഭുംറെ(58) ആണ് മരിച്ചത്. പൈതന്‍ താലൂക്കില്‍ പച്ചോട് പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി ടാങ്കറിലൂടെ പ്രവഹിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനോജ് റാംനാഥ് ഭുംറെയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്.

ശക്തമായ വൈദ്യുതാഘാതമേറ്റ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജി സാഹേബ്‌റാവുവിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയിടങ്ങളില്‍ വൈദ്യുതാഘാതമേറ്റുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലെ ഡോംബിവ്‌ലി ഈസ്റ്റ് മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വെളളക്കെട്ടില്‍ വൈദ്യുതി കമ്പി വീണ് ഷോക്കേറ്റ 24-കാരിയായ യുവതി മരിച്ചിരുന്നു. താനെയിലും വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചിരുന്നു.

Content Highlights: In a tragic incident, a man lost his life due to electrocution after a water tanker lorry accidentally came into contact with a live overhead electricity line.

To advertise here,contact us