പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന് അഗര്‍വാളിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. പ്രതി സിയ ഗോയലിനും ചേതനും പുറമെ മൂന്നാമതൊരാള്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ചേതന്‍ ചൗദരിയുടെ സുഹൃത്താണ് ഇയളെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം സിയയും ചേതനും ഉറ്റസുഹൃത്തിനെ വിളിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലടക്കം ചേതന്റെ സുഹൃത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. 22 കാരനായ ചേതന്റെ സുഹൃത്തിനെ എസ്ഐടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്കെത്തിയതെന്നാണ് വിവരം.
സിയയേയും ചേതനേയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാനും എസ്ഐടി ലക്ഷ്യമിടുന്നുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൂനെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. സിയയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് കാട്ടി ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സിയയുടെ മൊഴികളിലെ വ്യാപക പൊരുത്തക്കേട് പരിഗണിച്ചാണ് നീക്കം. അന്വേഷണത്തോട് സിയ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ നുണപരിശോധനക്ക് സിയ സമ്മതിച്ചിരുന്നു. അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.
ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം. 25കാരനായ കേതന് അഗര്‍വാളിനെ സിയ പൂനയിലെ കോട്ടയിലെത്തിച്ച ശേഷം കാമുകന്റെ സഹായത്തോടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതേദിവസം സിയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂനയിലെ മാര്‍ക്കറ്റ് യാര്‍ഡ് പ്രദേശത്തുള്ള ഇവരുടെ വസതിയില്‍ നിന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
നാനൂറ് അടി താഴ്ചയിലേക്ക് ആരാണ് കേതനെ തള്ളിയിട്ടതെന്ന് മനസിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. പ്രതികള്‍ ഇരുവരും കുറ്റം പരസ്പരം അടുത്തയാളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. നുണ പരിശോധനയിലൂടെ കേതന്റെ ഫോണില്‍ നിന്നും തെളിവുകള്‍ സിയ ഡിലീറ്റ് ചെയ്തിട്ടുണ്ടോ, എന്താണ് കേതനെ ഒഴിവാക്കാനുള്ള കാരണം, ചേതന്‍ ചൗധരിയുമായി എന്താണ് സിയയ്ക്കുള്ള ബന്ധം എന്നിവയും മനസിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
Content Highlights: The investigation into the murder of businessman Ketan Agarwal has entered a new phase after reports suggested the possible involvement of a third individual. Investigators are examining fresh evidence and statements as they seek to establish the roles of all those allegedly connected to the case.