ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധം; നിരാഹാരമിരിക്കുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി എ എ റഹീം

സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും റഹീം പറഞ്ഞു

ന്യൂഡല്‍ഹി: വിദ്യാഭ്യാസമന്ത്രി ധര്‍മ്മന്ദ്രേ പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിരാഹാര സമരം ഇരിക്കുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി രാജ്യസഭാ എംപി എ എ റഹീം. കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയ്ക്ക് ഭഗത് സിംഗിന്റെ ചിത്രം റഹീം കൈമാറി. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും നിലവിലെ സാഹചര്യം നേരിട്ടെത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും എ എ റഹീം പറഞ്ഞു. വിഷയം അടുത്ത പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുമോ എന്ന് അവരോട് തന്നെ ചോദിക്കണമെന്നും ലഹരിക്കെതിരായ ഏത് പോരാട്ടത്തിനും ഡിവൈഎഫ്‌ഐ ഒപ്പമുണ്ടാകുമെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസം അഭിജീത് ദിപ്കെ ആരോപിച്ചിരുന്നു. പ്രതിഷേധക്കാരുടെ വാട്‌സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍ എന്നിവയെല്ലാം നിരീക്ഷണത്തിലാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം പതിനാല് ദിവസം പിന്നിട്ടിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി. പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിജീത് ദിപ്കെ കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് അഭിജീത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടിരുന്നു.

Content Highlights: Rajyasabha MP AA Rahim visited Jantar Mantar to extend full support to environmentalist Sonam Wangchuk and the CJP protest demanding Resignation of Union Education Minister Dharmendra Pradhan

To advertise here,contact us