രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: 'ചമ്പത് റായ് ഉൾപ്പെടെയുള്ളവ‍ർക്കെതിരെ കേസെടുക്കണം'; അയോധ്യ ബാർ അസോസിയേഷൻ

അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനിലാണ് ബാർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അഡ്വ. ശൈലേന്ദ്ര കുമാർ ജയ്‌സ്വാൾ പരാതി നൽകിയിരിക്കുന്നത്

ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ അയോധ്യ പോലീസിൽ പരാതി നൽകി. ഇവർക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അയോധ്യ ബാർ അസോസിയേഷൻ പരാതി നിൽകിയിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനിലാണ് ബാർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അഡ്വ. ശൈലേന്ദ്ര കുമാർ ജയ്‌സ്വാൾ പരാതി നൽകിയിരിക്കുന്നത്.

'ട്രസ്റ്റിലെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും അംഗങ്ങളും ഈ മോഷണത്തിൽ വ്യക്തമായ പങ്കാളികളാണ്. ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘടിത സംഘമായി പ്രവർത്തിച്ച് ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കുകയും, സംഭവം പുറത്തുവന്നപ്പോൾ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ശ്രീരാമനോടും അദ്ദേഹത്തിന്റെ ഭവ്യമായ ക്ഷേത്രത്തോടുമുള്ള കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് അനിവാര്യമാണ്' എന്നാണ് അയോധ്യ ബാർ അസോസിയേഷൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

'ഫൈസാബാദ് ബാർ അസോസിയേഷൻ രാമജന്മഭൂമി മുക്തി ആന്ദോളനിൽ നിർണായകവും സജീവവുമായ പങ്കുവഹിച്ചിരുന്നുവെന്നും അസോസിയേഷനിലെ നിരവധി മുതിർന്ന അഭിഭാഷകർ രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് വേണ്ടി കോടതികളിൽ ഹാജരായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അസോസിയേഷനിലെ ആയിരക്കണക്കിന് അംഗങ്ങൾ കർസേവ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റിലായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി അസോസിയേഷനും അംഗങ്ങളും ഗണ്യമായ സാമ്പത്തിക സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്നും നിരവധി അംഗങ്ങൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിലെ കാണിക്കയായി സമർപ്പിക്കുന്നു'ണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ബാർ അസോസിയേഷൻ അംഗങ്ങളെ 'വഞ്ചിക്കപ്പെട്ടവരും ഇരകളുമായ' അവസ്ഥയിലാക്കിയതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഓഡിറ്റിൽ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ യാതൊരു ക്രമക്കേടോ മോഷണമോ കണ്ടെത്തിയിട്ടില്ലെന്ന് ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞതും പരാതിയിൽ പരാമർശിക്കുന്നുണ്ട്. 'ഭക്തരുടെ സംഭാവനകൾ തട്ടിയെടുത്ത സംഭവത്തിൽ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർക്ക് നേരിട്ടുള്ള പങ്കുണ്ടെന്നും വ്യാജവും കെട്ടിച്ചമച്ചതുമായ വിശദീകരണങ്ങളിലൂടെ സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിയിൽ പറയുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച പണവും ആഭരണങ്ങളും കൈവശം ഉണ്ടായിരുന്ന ട്രസ്റ്റിയായ കൃഷ്ണമോഹനെയാണ് പരാതിക്കാരനാക്കിയതെന്നും ഇത് ദുരൂഹമാണെന്നും' പരാതിയിൽ ആരോപിക്കുന്നുണ്ട്.

രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിൽ പ്രതികൾക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന് അയോധ്യ ബാർ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ലംഘിച്ച് ആരെങ്കിലും കേസ് ഏറ്റെടുത്താൽ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജയിലിലാക്കപ്പെട്ടിരിക്കുന്നത് ഡ്രൈവർമാരെയും ശുചീകരണ തൊഴിലാളികളെയും പോലുള്ള സാധാരണക്കാരെയാണ്. യഥാർത്ഥ പ്രതികൾ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരാണ് എന്നാൽ അധികാരികൾ അവരെ സംരക്ഷിക്കുകയാണ് എന്ന ആരോപണവും നേരത്തെ അയോധ്യ ബാർ അസോസിയേഷൻ ഉന്നയിച്ചിരുന്നു.

Content Highlights: The Ayodhya Bar Association has demanded legal action against Champat Rai and others over alleged irregularities in Ram Temple donation funds. Read the latest updates and key details.

To advertise here,contact us