അയോധ്യ സംഭാവനക്കൊള്ള: അറസ്റ്റിലായ എട്ട് പേരില്‍ ആറും ഒരേ കമ്പനിയിലെ ജീവനക്കാർ, അന്വേഷണം തുടരുന്നു

വാരാണസി ആസ്ഥാനമായ സെക്യൂരിറ്റി സർവീസ് ഏജൻസിയിലെ ജീവനക്കാരാണ് 6 പേർ, സംഭാവന എണ്ണാന്‍ എസ്ബിഐയാണ് ജീവനക്കാരെ കമ്പനിയിലേക്ക് നിയോഗിച്ചത്

ലക്‌നൗ: അയോധ്യരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസില്‍ അറസ്റ്റിലായ എട്ടില്‍ ആറു പേരും ഒരേ കമ്പനിയിലെ ജീവനക്കാര്‍. വാരാണസി ആസ്ഥാനമായ സെക്യൂരിറ്റി സര്‍വീസ് ഏജന്‍സിയിലെ ജീവനക്കാരാണ് ആറുപേരും. അന്വേഷണസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭാവന എണ്ണാന്‍ എസ്ബിഐയാണ് ജീവനക്കാരെ കമ്പനിയിലേക്ക് നിയോഗിച്ചത്. എന്നാല്‍ സംഭാവനക്കൊള്ള ക്രമക്കേടുമായി ബന്ധമില്ലെന്നാണ് ജീവനക്കാരെ അയച്ച ഏജന്‍സി പറയുന്നത്.

അതിനിടെ, സംഭാവനക്കൊള്ള സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൈമാറി. ആര്‍എസ്എസ് ക്ഷേത്ര പ്രചാരക് അനില്‍ കുമാറാണ് മൂന്ന് ദിവസം അയോധ്യയില്‍ ക്യാമ്പ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭക്തരുടെ വികാരങ്ങളെയും ക്ഷേത്രത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ട്രസ്റ്റില്‍ വന്‍ അഴിച്ചുപണി നടത്തുമെന്നാണ് സൂചന. പുതിയ സന്യാസിമാരെ ഉള്‍പ്പെടുത്തി ചുമതലകള്‍ നല്‍കാന്‍ ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അയോധ്യയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അയോധ്യ വിഷയം ചര്‍ച്ചയാകും. സംഭാവനക്കൊള്ള കനത്ത തിരിച്ചടിയാണ് ബിജെപി സര്‍ക്കാരിന് നല്‍കിയത്. അതിനാല്‍ തന്നെ രാമക്ഷേത്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ശന വിലക്കാണ് യു പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നലെ ക്ഷേത്ര സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ അജയ് റായ്, പിസിസി അധ്യക്ഷന്‍ ഉജ്ജ്വല്‍ രമണ്‍ സിങ്, എംപി എ പി ഗൗതം, മുന്‍ രാജ്യസഭാ എംപി ഗൗരവ് തിവാരി എന്നിവരെയാണ് പൊലീസ് തടഞ്ഞുവെച്ചത്.

യു പി സർക്കാരിൻ്റെ വിചിത്ര നടപടിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭയം കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്നും കരുതല്‍ തടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് പറഞ്ഞിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന കണ്ടെത്തലുകളുമാണ് വിവാദങ്ങൾക്ക് കാരണമായത്. സംഭവത്തിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലക്നൌ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.

Content Highlights: In the Ayodhya donation fraud case, six of the eight arrested accused were employees of the same company, according to the investigation.

To advertise here,contact us