രാജ്യത്ത് വിമാന ഇന്ധന വില കുറച്ചു; ടിക്കറ്റ് നിരക്ക് കുറയുമോ?

പ്രതിസന്ധകള്‍ക്ക് ശേഷം ഇതാദ്യമായാണ് എടിഎഫിന്റെ വില കുറയുന്നത്

ന്യൂഡൽഹി: രാജ്യത്ത് വിമാന ഇന്ധനവില കുറച്ചു. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയിലാണ് അഞ്ച് രൂപയുടെ കുറവ് വന്നിരിക്കുന്നത്. ഇതോടെ എടിഎഫിന്റെ വില ലിറ്ററിന് 110 രൂപയായി. ആഭ്യന്തര വിമാനങ്ങള്‍ക്ക് മാത്രമാണ് വില കുറവ് ബാധകമാവുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനവില കുതിച്ച് ഉയര്‍ന്നിരുന്നു. പ്രതിസന്ധകള്‍ക്ക് ശേഷം ഇതാദ്യമായാണ് എടിഎഫിന്റെ വില കുറയുന്നത്.

ആഗോള എണ്ണവിലയില്‍ ഇടിവ് തുടരുന്നതിനിടെ, ഡീസലിന്റെയും എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെയും (എടിഎഫ്) കയറ്റുമതിക്കുള്ള വിന്‍ഡ്ഫോള്‍ നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് കയറ്റുമതി നികുതി ലിറ്ററിന് 12.50 രൂപയില്‍ നിന്ന് 7.50 ആയാണ് കുറച്ചത്.

ഒരു ബാരലിന് 126 ഡോളറിന് മുകളിലായിരുന്ന ആഗോള ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ ആശ്വാസമുണ്ടായതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതുമാണ് വിതരണ തടസ്സത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയാന്‍ കാരണമായത്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, ഈ വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ശരാശരി ഒരു ബാരലിന് 84.50 ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, രാജ്യത്ത് വാണിജ്യ എൽപിജിയുടെ വിലയും കുറച്ചിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.

Content Highlights: Aviation turbine fuel (ATF) prices have been reduced across India, providing relief to airline companies amid fluctuating operating costs.

To advertise here,contact us