അയോധ്യയില്‍ നാടകീയ നീക്കങ്ങള്‍; കോൺഗ്രസ് നേതാക്കളെ വിടാതെ UP സർക്കാർ, പ്രതിഷേധം

അജയ് റായിയെയും സംഘത്തെയും യുപിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ കരുതൽ തടങ്കലിലാക്കി

ലക്‌നൗ: രാമക്ഷേത്ര സംഭാവനക്കൊള്ള വിവാദങ്ങള്‍ക്ക് പിന്നാലെ അയോധ്യയില്‍ നാടകീയ നീക്കങ്ങള്‍. ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നടപടിക്കെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ് അടക്കമുള്ള നേതാക്കളെയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. അജയ് റായിയെയും സംഘത്തെയും കാര്‍ഷിക സര്‍വകലാശാലയിലാണ് കരുതൽ തടങ്കലില്‍ വെച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെയാണ് സര്‍വകലാശാല. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വകലാശാലക്ക് മുന്നില്‍ അണിനിരന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ അജയ് റായ്, പിസിസി അധ്യക്ഷന്‍ ഉജ്ജ്വല്‍ രമണ്‍ സിങ്, എംപി എ പി ഗൗതം, മുന്‍ രാജ്യസഭാ എംപി ഗൗരവ് തിവാരി എന്നിവരെ പൊലീസ് തടഞ്ഞുവെച്ചത്.

യു പി സര്‍ക്കാരിന്റെ വിചിത്ര നടപടിയില്‍ അജയ് റായ് തന്നെ വിമര്‍നവുമായി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭയം കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്നും കരുതല്‍ തടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് എക്‌സില്‍ കുറിച്ചു. 'ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യം അതിന്റെ മൂര്‍ധന്യത്തിലാണ്. കോണ്‍ഗ്രസ് സംഘം അയോധ്യ സന്ദര്‍ശിക്കാനും ശ്രീരാമ ദര്‍ശനം നടത്തി അനുഗ്രഹം വാങ്ങാനും ഇരുന്നതാണ്. എന്നാല്‍ ഞാന്‍ അയോധ്യയിലെത്തിയ ഉടന്‍ ബിജെപി സര്‍ക്കാര്‍ ഭയന്നു, പൊലീസ് എന്നെ ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. എന്തിനാണ് ഭൂമി അഴിമതിക്കേസിലും അയോധ്യയിലെ തട്ടിപ്പിലും പങ്കുള ഈ 'സംഭാവനക്കള്ളന്മാര്‍' രാമഭക്തര്‍ ഇവിടെ വരുന്നതിനെ ഭയപ്പെടുന്നത്. ഞങ്ങള്‍ പിന്മാറുകയോ തലകുനിക്കുകയോ ചെയ്യില്ല', അജയ് റായ് എക്സില്‍ പ്രതികരിച്ചു.

അതിനിടെ, അയോധ്യ രാമക്ഷേത്ര സംഭവനക്കൊള്ളയിലും കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞ് വെച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്ത് വന്നിരുന്നു. സുതാര്യമായ മാനദണ്ഡങ്ങളോ പൊതുജനാഭിപ്രായമോ ഇല്ലാതെയാണ് മോദി സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചതെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ട്രസ്റ്റിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് മോദി ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. സംഭവത്തില്‍ മോദി പ്രതികരിക്കുന്നില്ലെന്നും മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Congress leaders were stopped by the Uttar Pradesh government during their visit to Ayodhya, triggering a fresh political controversy over access to the Ram Temple

To advertise here,contact us