തേയിലയും ബിസ്‌ക്കറ്റും മോഷ്ടിച്ചതിന് പിരിച്ചുവിട്ടു; പ്യൂണിനെ തിരിച്ചെടുക്കണമെന്ന് ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ്

ജോലി നഷ്ടപ്പെട്ടതോടെ ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഇളയ സഹോദരിയും അടങ്ങുന്ന ഹിമാന്‍ഷുവിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി

റാഞ്ചി: സര്‍ക്കാര്‍ ഓഫീസില്‍ നിന്നും തേയിലയും ബിസ്‌ക്കറ്റും മോഷ്ടിച്ച് വീട്ടില്‍ കൊണ്ടുപോയെന്ന കാരണത്തില്‍ ജോലി നഷ്ടമായ പ്യൂണിനെ തിരിച്ചെടുക്കണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. നാലു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയെ ശാസിച്ച കോടതി, പ്യൂണിന് നല്‍കിയ ശിക്ഷ വളരെ ക്രൂരവും അന്യായവുമാണെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എംഎസ് സോണക്ക്, ജസ്റ്റിസ് രാജേഷ് ശങ്കര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹിമാൻഷുവിനെ പിരിച്ച് വിടാനുള്ള 2022ലെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ജൂലായ് ഒന്ന് മുതല്‍ അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഹിമാൻഷുവിന് ലഭിക്കാന്‍ ബാക്കിയുള്ള ശമ്പളത്തിന്റെ അമ്പത് ശതമാനം ജൂലായ് 31നുള്ളില്‍ നല്‍കണമെന്നും കോടതി നിർദേശിച്ചു. ഉത്തരവുകള്‍ പാലിച്ചതിന്റെ സത്യവാങ് മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ബക്കാറോ ഡെപ്യൂട്ടി കമ്മീഷണറോട് നിര്‍ദേശിച്ചു. പിടിച്ചുവെച്ച ശമ്പളത്തിൻ്റെ ബാക്കി അമ്പത് ശതമാനം ഹിമാന്‍ഷുവിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിനുള്ള ശിക്ഷയായി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ബൊക്കാരോ ജില്ലയിലെ ജില്ലാ ഗ്രാമവികസന വകുപ്പിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന രഞ്ജീത്ത് കുമാര്‍ ഹിമാന്‍ഷുവിനെ 2022ലാണ് പിരിച്ചുവിട്ടത്. 2005 മുതല്‍ ഇവിടെ ജോലി ചെയ്യുന്ന ഹിമാന്‍ഷുവിന് 2022 മാര്‍ച്ചില്‍ സർക്കാരിൻ്റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ച് രണ്ടു മാസത്തിന് ശേഷമാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്..

സര്‍ക്കാരിന്റെ സ്റ്റോക്ക് രജിസ്റ്ററിലുള്ള വസ്തുക്കൾ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു ഹിമാന്‍ഷുവിന് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് കേസിൻ്റെ ഭാഗമായി നടന്ന വാദത്തിലാണ് ബാക്കി വന്ന തേയിലയും ബിസ്‌ക്കറ്റുമാണ് ഹിമാൻഷു വ്യക്തിപരമായി ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നത്. എന്നാൽ ഇവ തിരികെ ഓഫീസില്‍ തന്നെ എത്തിച്ചെന്നായിരുന്നു ഹിമാൻഷുവിൻ്റെ വാദം. ജോലിയില്‍ നിന്നും പിരിച്ചുവിട്ട തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെ ഹിമാന്‍ഷു സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

വാദത്തിനിടെ ബന്ധപ്പെട്ട വകുപ്പിനോട് നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഹിമാന്‍ഷുവിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെ കുറിച്ചായിരുന്നു പ്രധാന ചോദ്യം. നോട്ടീസില്‍ കാര്യങ്ങള്‍ കൃത്യമായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് കാര്യത്തിനാണ് തന്നെ കുറ്റക്കാരനാക്കിയതെന്ന് ജീവനക്കാരന് മനസിലാക്കാന്‍ കഴിയാത്ത തരത്തിലാണ് ആ നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ വ്യക്തമാകാതെ എങ്ങനെയാണ് ഒരാള്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

സംഭവത്തിൽ വകുപ്പ് നടത്തിയ അന്വേഷണ രീതിയെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. പിരിച്ചുവിടുന്ന ഉത്തരവില്‍ ജീവനക്കാരൻ്റെ പ്രതികരണം എന്തിന് ഒഴിവാക്കിയെന്ന് വിശദീകരിക്കുന്നില്ല. മാത്രമല്ല ഹിമാന്‍ഷുവിന്റെ മുന്‍കാല സര്‍വീസ് റെക്കോര്‍ഡോ മറ്റ് മെറിറ്റുകളോ പരിഗണിച്ചില്ലെന്നും കോടതി പറഞ്ഞു. മുമ്പൊരിക്കലും ഒരുതരത്തിലുള്ള പരാതിയും ഹിമാന്‍ഷുവിനെതിരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കൃഷ്ണ പ്രചാപതിയും കോടതിയെ അറിയിച്ചു. ഹിമാന്‍ഷുവിന് നല്‍കിയ ശിക്ഷയെ കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചു. ഒരു ജീവനക്കാരന്‍ തേയിലയും ബിസ്‌ക്കറ്റും എടുത്തൂ എന്ന് തന്നെ പരിഗണിച്ചാലും പിരിച്ചുവിടുക എന്ന ശിക്ഷ അതിക്രൂരമാണ്. ഇത്തരം നടപടികള്‍ മനസാക്ഷിയില്ലാത്ത രീതിയാണെന്നും കോടതി പറഞ്ഞു.

ജോലി നഷ്ടപ്പെട്ടതോടെ ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഇളയ സഹോദരിയും അടങ്ങുന്ന ഹിമാന്‍ഷുവിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. 17വര്‍ഷത്തെ സര്‍വീസ് കാലയളവിൽ ഹിമാന്‍ഷു കരാര്‍ തൊഴിലാളിയായി തുടരുകയായിരുന്നെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജോലി നഷ്ടപ്പെടുമ്പോള്‍ ഹിമാന്‍ഷുവിന്റെ മാസവരുമാനം 9,950രൂപയായിരുന്നു.

Content Highlights: The Jharkhand High Court directed that a peon dismissed for allegedly stealing tea and biscuits be reinstated. The court ruled on the disciplinary action and ordered the employee's return to service.

To advertise here,contact us