ന്യൂഡൽഹി: അയോധ്യരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും ജീവനക്കാര്‍ മോഷണം ചെയ്യുമെന്ന് പ്രതീക്ഷിരുന്നില്ലെന്നുമാണ് ചമ്പത്ത് റായ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിലാണ് മോഷണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ് അന്വേഷണ സംഘത്തോട് പറഞ്ഞത്. കേസിന്റെ വിശദമായ അന്വേഷണത്തിന് ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്രയെയും, ഗോപാല്‍ റാവുവിനെയും വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ എസ്ഐടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സംഭാവന ക്രമക്കേടിന്റെ വിവരങ്ങള്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ചമ്പത്ത് റായി ഒരു നടപടിയും സ്വീകരിച്ചില്ല. ജൂണ്‍ നാലിന് കെട്ടുകണക്കിന് പണം നോട്ട് എണ്ണുന്ന മുറിയുടെ ശുചിമുറിയില്‍ കണ്ടെത്തിയിരുന്നു. നാല് ലക്ഷത്തോളം രൂപയാണ് അന്ന് കണ്ടെത്തിയത്. ഇതിനുശേഷം ട്രസ്റ്റ് ഉദ്യോഗസ്ഥരും രാമക്ഷേത്ര സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരും കൗണ്ടിംഗ് റൂം ജീവനക്കാരന് അവിനാശ് ശുക്ലയുടെ വീട്ടിലെത്തിയിരുന്നു. അവിടെ നിന്നാണ് ഒരു ബാഗ് പണം കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിൽ ചമ്പത്ത് റായിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം സംഭാവനാ തട്ടിപ്പ് വിവാദത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയെന്ന് പരാതിയുണ്ട്. പാര്‍ട്ടി പ്രതിനിധി സംഘം രാമക്ഷേത്രം സന്ദര്‍ശിക്കാനിരിക്കെയാണ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയത്. പാര്‍ട്ടിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതതല പ്രതിനിധി സംഘം ആരാധനാ ചടങ്ങുകള്‍ക്ക് അയോധ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് യൂണിറ്റ് മേധാവി അജയ് റായ് നയിക്കുന്ന സംഘമാണ് ഇന്നലെ അയോധ്യയിലെത്തിയത്. പിന്നാലെയാണ് ഇവരെ സന്ദര്‍ശനത്തില്‍ നിന്ന് വിലക്കിയെന്ന വിവരം പുറത്ത് വരുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന ആരോപണവും ഉയർന്നതിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു. ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.
അതേസമയം, വിവാദങ്ങള്‍ക്കിടെയും ക്ഷേത്രത്തിലെ സംഭവനയ്ക്ക് കുറവില്ലെന്നാണ് റിപ്പോര്‍ട്ട്. വേനലവധിക്കാലത്താണ് രാമക്ഷേത്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകാറുള്ളത്. സാധാരണ ഒരു ദിവസം 10 മുതല്‍ 12 ലക്ഷം വരെയാണ് ക്ഷേത്രത്തില്‍ സംഭാവന ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ 24 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് റിപ്പോർട്ടുകള്‍.
Content Highlights: Champat Rai has denied any involvement in the alleged donation irregularities linked to the Ayodhya Ram Temple, responding to allegations surrounding the case.