ഹരിയാനയില്‍ 4 വയസുകാരന്‍ 220അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കരച്ചില്‍കേട്ട് പിതാവും മുത്തച്ഛനും ഓടിയെത്തിയപ്പോഴേക്കും കുട്ടി കുഴൽക്കിണറിനുള്ളിലേയ്ക്ക് വീണ് പോയിരുന്നു

ഛണ്ഡിഗഡ്: ഹരിയാനയില്‍ അംബാല ജില്ലയില്‍ നാലു വയസുകാരന്‍ കാൽതെന്നി കുഴല്‍ക്കിണറില്‍ വീണു. 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. ബരാരയിലെ ദനൗറ ഗ്രാമത്തില്‍ പിതാവ് മന്‍ജിത്തിനൊപ്പം കൃഷിയിടത്തിലേക്ക് പോയ നിർഭയ് എന്ന ബാലനാണ് അപകടമുണ്ടായത്. പുലര്‍ച്ച മുതല്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന മുത്തച്ഛന് പ്രഭാതഭക്ഷണം നല്‍കാനാണ് പിതാവിനൊപ്പം നിർഭയ് കൃഷിടിടത്തിലേയ്ക്ക് പോയത്. മുതിര്‍ന്നവർ കൃഷിയിടത്തിലെ പണിയെടുക്കുന്നതിൽ വ്യാപൃതരായിരിക്കെയാണ് കുഴൽക്കിണറിന് സമീപം കളിച്ചു കൊണ്ടിരുന്നു നാലുവയസ്സുകാരൻ അപകടത്തിൽപ്പെട്ടത്. കിണറിലേക്ക് മണ്ണുവാരി ഇടുന്നതിനിടെ കുട്ടി കിണറിലേയ്ക്ക് എത്തി നോക്കുകയും ഉള്ളിലേയ്ക്ക് തെന്നിവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കിണറിന് ചുറ്റുമുള്ള സ്ഥലം നനവുള്ളതും തെന്നൽ ഉള്ളതുമായിരുന്നത് അപകടത്തിന് വഴിതെളിച്ചു എന്നാണ് വിലയിരുത്തൽ.

കരച്ചില്‍കേട്ട് പിതാവും മുത്തച്ഛനും ഓടിയെത്തിയപ്പോഴേക്കും കുട്ടി കുഴൽക്കിണറിനുള്ളിലേയ്ക്ക് വീണ് പോയിരുന്നു. പേരു വിളിച്ച് നോക്കിയെങ്കിലും മറുപടിയും ലഭിച്ചില്ല. ഒമ്പത് ഇഞ്ച് മാത്രം വീതിയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായതോടെ ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ജില്ലാ അധികൃതര്‍ എന്നിവര്‍ പ്രത്യേക രക്ഷാസംവിധാനങ്ങളുമായി പ്രദേശത്തെത്തി. പിന്നാലെ ഇന്ത്യന്‍ സേനയും രക്ഷാപ്രവര്‍ത്തനായി എത്തിയിട്ടുണ്ട്.

കുഴല്‍ക്കിണറിന് വലിയ വീതിയില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് സിങ് തോമര്‍ പറയുന്നു. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlights: A four year old child fell into a 220 foot deep borewell in Haryana. Rescue teams are carrying out an operation to safely retrieve the child, with emergency personnel working continuously at the site

To advertise here,contact us