ചെന്നൈ: തമിഴ്നാട്ടില്‍ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. അടുത്ത മൂന്നോ ആറോ മാസത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നും എല്ലാ ഡിഎംകെ പ്രവര്‍ത്തകരും സജ്ജരായിരിക്കണമെന്നും എം കെ സ്റ്റാലിന് പറഞ്ഞു. ചെന്നൈയില്‍ നടന്ന ലയന സമ്മേളനത്തില്‍ അണികളെ അഭിസംബോധന ചെയ്യവേയാണ് സ്റ്റാലിന് ഇക്കാര്യം പറഞ്ഞത്. മുന്‍ എഐഎഡിഎംകെ മന്ത്രി ബെഞ്ചമിന്റെ നേതൃത്വത്തില്‍ നിരവധി എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഡിഎംകെയില്‍ ചേര്‍ന്നത്. വിജയ്യുടെ ഭരണം വളരെ ദുര്‍ബലമാണെന്നും അത് അഞ്ചുവര്‍ഷം തികയ്ക്കില്ലെന്നും സ്റ്റാലിന് പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ അവര്‍ ഭരണം നടത്തുന്നതെന്നും സ്റ്റാലിന് ചൂണ്ടിക്കാട്ടി.
'ടിവികെയ്ക്ക് ഒറ്റകക്ഷിയായി ഭരിക്കാനുളള ജനപിന്തുണ ലഭിച്ചില്ല. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമായിരുന്നു. അവര്‍ക്ക് കിട്ടിയത് ആകെ 108 സീറ്റുകളാണ്. അതായത് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം പോലും അവര്‍ക്ക് ലഭിച്ചില്ല. ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്തവരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. അടുത്തകാലം വരെ ഞങ്ങളുടെ പുരോഗമന സഖ്യത്തിന്റെ ഭാഗമായിരുന്ന ചില പാര്‍ട്ടികളുടെ പിന്തുണ കാരണമാണ് ടിവികെയ്ക്ക് ആ വണ്ടി ചലിപ്പിക്കാന്‍ തന്നെ ആവുന്നത്. ഇതൊരു അസ്ഥിരമായ സെറ്റപ്പാണ്. ഈ വണ്ടി ഏത് ജംഗ്ഷനിലാണോ ഏത് വളവിലാണോ ബാലന്‍സ് നഷ്ടപ്പെട്ട് നില്ക്കാന് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, ഏത് സമയവും ഒരു തെരഞ്ഞെടുപ്പ് വരാം. അത് ഒരുപക്ഷെ മൂന്നുമാസത്തില്‍ വരാം. അല്ലെങ്കില്‍ ആറ് മാസത്തിനുളളില്‍ വരാം': സ്റ്റാലിന് പറഞ്ഞു.
ഏത് സാഹചര്യത്തെയും നേരിടാന്‍ നാം 100 ശതമാനം സജ്ജരായിരിക്കണമെന്നും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാല്‍ നമുക്ക് തയ്യാറെടുപ്പിനുളള സമയം ലഭിക്കില്ലെന്നും സ്റ്റാലിൻ പ്രവർത്തകരോട് പറഞ്ഞു. ഈ ലയനസമ്മേളനം ഡിഎംകെയുടെ തിരിച്ചുവരവിനായുളള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണമെന്നും സ്റ്റാലിന് പറഞ്ഞു. ടിവികെ സര്‍ക്കാരിനെതിരെയും എം കെ സ്റ്റാലിന് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ തന്നെ സര്‍ക്കാര്‍ വികസന പാതയില്‍ നിന്ന് അകന്നുപോയെന്നും നിക്ഷേപകര്‍ അയല്‍ സംസ്ഥാനങ്ങൾ നോക്കി പോയെന്നും സ്റ്റാലിന് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളും കുറ്റകൃത്യങ്ങളും കവര്‍ച്ചയും വര്‍ധിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ഒരുകാലത്ത് അവര്‍ക്കുണ്ടായിരുന്ന ഭരണം തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു. 'തമിഴ്നാടിന് ഒരു സര്‍ക്കാരുണ്ടായിരുന്നു. ഇന്ന് സംസ്ഥാനത്തെ ജനങ്ങള്‍ അത് എവിടെപ്പോയി എന്ന് അന്വേഷിക്കുകയാണ്. ഇന്ന് നിയമസഭ സിനിമാ തീയറ്ററാണോ ഷൂട്ടിംഗ് സെറ്റാണോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയായി. ഓരോ ദിവസവും മുഖ്യമന്ത്രി അവിടെ പ്രകടനം നടത്താനാണ് വരുന്നത്. ഭരണത്തേക്കാള്‍ നിയമസഭയിലെ ക്യാമറ ആംഗിളുകള്‍ പരിശോധിക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ' -ഉദയനിധി കൂട്ടിച്ചേര്‍ത്തു.
Content Highlights: DMK President MK Stalin has urged party cadres to be fully prepared and vigilant, stating that elections could be announced at any given moment.