ന്യൂഡൽഹി: എസ്ഐആറില്‍ നിന്ന് പേര് വെട്ടിയതിന്റെ പേരില്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാത്ത നടപടിയില്‍ പ്രതികരിച്ച് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര് രാജഗോപാല്‍. പാസ്പോര്‍ട്ട് പുതുക്കണെങ്കില് വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നത് പുതിയ അറിവായിരുന്നുവെന്ന് രാജഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നറിയില്ല. പൗരന്റെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. പൗരന് എന്ന് തെളിയിക്കാന്‍ കൈവശം ഒന്നുമില്ല. തന്റെ അവകാശം നഷ്ടപ്പെട്ടുവെന്നും രാജഗോപാല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് എസ്ഐആറില്‍ നിന്ന് പേര് വെട്ടിയത്. അധികൃതര്‍ ഇക്കാര്യം തന്നെ അറിയിക്കുകയായിരുന്നു. അതിന് മുന്‍പ് ഫെബ്രുവരി 27ന് പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ വേരിഫിക്കേഷനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. വോട്ടര്‍ ഐഡി ആവശ്യമുണ്ട് എന്ന് പറഞ്ഞു. ഈ സമയം എസ്ഐആറില്‍ നിന്ന് പേര് വെട്ടിയ കാര്യം താന്‍ സൂചിപ്പിച്ചു. ഇതോടെ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അച്ഛന്റെ മരണ സര്‍ട്ടഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്കാന് പറഞ്ഞു. ഇതിന്റെയെല്ലാം കോപ്പി നല്കിയ ശേഷം അവിടെ നിന്ന് ഇറങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് കൊല്‍ക്കത്ത പൊലീസിന്റെ കീഴിലുള്ള സെക്യൂരിറ്റി കണ്ട്രോള് ഓര്‍ഗനൈസേഷനില്‍ നിന്ന് വിളിപ്പിച്ചതായി രാജഗോപാൽ പറഞ്ഞു.
പേര് എസ്ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ല എന്നാണ് അവര്‍ അറിയിച്ചത്. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുമെന്നും പറഞ്ഞു. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ അപ്പീല്‍ നല്കിയ കാര്യം താന്‍ സൂചിപ്പിച്ചിരുന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി. 27 ലക്ഷത്തോളം പേരാണ് ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. എപ്പോള്‍ പരിഗണിക്കും എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010ലാണ് കൊല്‍ക്കത്തയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. വോട്ടും ചെയ്തിട്ടുണ്ട്. മാപ്പിങ്ങിന്റെ പേരില്‍ പേര് വെട്ടിയതായാണ് മനസിലാക്കുന്നത്. നടപടി വ്യക്കിപരമായും ബാധിച്ചു. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അമേരിക്കയില്‍വെച്ചു നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. രാജഗോപാല്‍ എസ്ഐആറിന്റെ ഇരയാണെന്ന് എം എ ബേബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രശസ്ത മാധ്യമപ്രവര്ത്തകന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാന്റെ അവസ്ഥയെന്താകുമെന്ന് എം എ ബേബി ചോദിച്ചു. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളത്. മോദിയുടെ ഫാസിസ്റ്റ് നയമാണ് രാജ്യത്ത് നടക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ പല്ലും നഖവും മോദിയും അമിത് ഷായും മോഹന്‍ ഭാഗവതും ചേര്‍ന്ന് പിഴുതെടുക്കുന്ന അവസ്ഥയാണെന്നും എം എ ബേബി വ്യക്തമാക്കി.
Content Highlights- R. Rajagopal told a reporter that it was new information to him that a person's name should be included in the voter list for passport renewal