അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; അറസ്റ്റിലായ എട്ട് പ്രതികളുടെയും വീട്ടില്‍ എസ്‌ഐടി പരിശോധന, നിർണായകം

കോടികളുടെ സ്വത്തുക്കള്‍ ഇവരുടെ വീടുകളില്‍ സ്വര്‍ണമായും മറ്റും ഉണ്ടെന്ന വിവരം നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ റെയ്ഡ്. അറസ്റ്റിലായ എട്ട് പ്രതികളുടെ വീട്ടിലാണ് എസ്‌ഐടി റെയ്ഡ് നടത്തുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നീക്കം. പ്രതികളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അയല്‍വാസികളില്‍ നിന്നും മൊഴിയെടുക്കുന്നുമുണ്ട്.

പ്രാഥമിക പരിശോധനയില്‍ 80 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോടികളുടെ സ്വത്തുക്കള്‍ ഇവരുടെ വീടുകളില്‍ സ്വര്‍ണമായും മറ്റും ഉണ്ടെന്ന വിവരം നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള നീക്കമാണ് എസ്‌ഐടി നടത്തുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ രേഖകളടക്കം പിടിച്ചെടുക്കാനാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പരിശോധന ആരംഭിച്ചത്

അതേസമയം ട്രസ്റ്റ് സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ചമ്പത്ത് റായി, ട്രസ്റ്റ് അംഗം അനില്‍ മിശ്ര അടക്കം 17 പേര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു എസ്‌ഐടിയുടെ ശുപാര്‍ശ. തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം പരിഗണിക്കാമെന്നുമാണ് യുപി സര്‍ക്കാരിന്റെ നിലപാട്. ഭക്തര്‍ നല്‍കിയ സംഭാവനകളും സ്വര്‍ണക്കട്ടികളും വെള്ളിക്കട്ടികളുമടക്കം ഇവര്‍ ഭൂസ്വത്തുക്കളാക്കി മാറ്റിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഇത് പിടിച്ചെടുക്കാനാണ് എസ്‌ഐടി നീക്കം നടത്തുന്നത്.

അതേസമയം സംഭാവനാ തട്ടിപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. യോഗി ഇടയ്ക്കിടയ്ക്ക് അയോധ്യയിലെത്തിയിരുന്നത് അവിടെ നടന്നുകൊണ്ടിരുന്ന കൊള്ളക്ക് മേല്‍നോട്ടം വഹിക്കാനായിന്നോ എന്നാണ് അഖിലേഷ് ചോദിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണല്ലോ എസ്‌ഐടി കണ്ടെത്തല്‍, എന്നാല്‍ യോഗി ഇടയ്ക്കിടയ്ക്ക് അയോധ്യയിലെത്തിയിട്ടും ഇതൊന്നും എന്ത്‌കൊണ്ട് മുന്‍പ് തന്നെ കണ്ടെത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു.

ടിനു യാദവ്, അനിരല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍. ചമ്പത് റോയിയുടെ അസിസ്റ്റന്റാണ് ടിനു യാദവ്. കാണിക്ക വഞ്ചികളുടെ താക്കോലുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തിയ ആളാണ് അനുകല്‍പ് മിശ്ര. ഇയാളുടെ ബന്ധുവാണ് ലവ്കുശ് മിശ്ര. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ടിനു യാദവിന്റെ ബന്ധുവായ മനീഷ് യാദവിന്റെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയ മറ്റൊരാളാണ് അവിനാശ് ശുക്ല. സംഭാവനകളുടെ കണക്കെടുപ്പിന്റെ ഭാഗമായിരുന്ന ആളുകളാണ് കരുണേഷ് പാണ്ഡെയും രാം ശങ്കര്‍ മിശ്രയും.

രാം ശങ്കര്‍ മിശ്രയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിവരം. ഇയാളുടെ പക്കല്‍ നിന്നും കാണിക്കപ്പെട്ടിയുടെ താക്കോല്‍ എസ്ഐടി കണ്ടെത്തിയത് നിര്‍ണായക തെളിവായിരുന്നു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത്ത് റായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എസ്ഐടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദം കടുത്തതോടെ ചമ്പത് റോയ് സ്ഥാനം രാജി വെച്ചിരുന്നു.

Content Highlights: The Special Investigation Team has carried out coordinated raids at the residences of all eight accused arrested in the alleged Ayodhya Ram Temple donation scam. The searches are part of an expanding investigation aimed at collecting evidence, tracing financial transactions, and identifying any additional individuals linked to the case.

To advertise here,contact us