ഐപിഎല്‍ മത്സരത്തിനിടെ ടിവികെ മന്ത്രി ലഹരി ഉപയോഗിച്ചെന്ന് ആരോപണം; മകളുടെ മരുന്ന് പൊടിച്ചതെന്ന് വിശദീകരണം

പുറത്തുവന്ന ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയുടെ മകളെ കാണാനില്ലെന്നും മരുന്നിന്റെ കഥ വിശ്വസനീയമല്ലെന്നുമാണ് ബിജെപി ആരോപിക്കുന്നത്

ചെന്നൈ: രണ്ടുവര്‍ഷം മുന്‍പ് നടന്ന ഐപിഎല്‍ മത്സരത്തിനിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി ശരത്കുമാര്‍. പ്രചരിക്കുന്ന വീഡിയോയില്‍ ലഹരി മരുന്ന് ഉപയോഗിക്കുകയല്ല താനെന്നും മകള്‍ക്ക് കഴിക്കാനുളള മരുന്ന് പൊടിച്ചതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം എത്തി വീഡിയോ സന്ദേശത്തിലൂടെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

രണ്ടുവര്‍ഷം മുന്‍പ് നടന്ന ഐപിഎല്‍ മത്സരത്തിനിടെ ഒന്നര വയസുണ്ടായിരുന്ന മകള്‍ മരുന്ന് കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ ഗുളിക പൊടിച്ച് ദ്രാവകത്തില്‍ കലര്‍ത്തി നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടെന്നും താന്‍ അതിനായി ഗുളിക പൊടിക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയതെന്നുമാണ് ശരത്കുമാറിന്റെ വിശദീകരണം. വീഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താനായി തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ശരത്കുമാറിന്റെ വിശദീകരണം തളളി ബിജെപി നേതാവ് വിനോജ് പി സെല്‍വം രംഗത്തെത്തി. പുറത്തുവന്ന ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയുടെ മകളെ കാണാനില്ലെന്നും മരുന്നിന്റെ കഥ വിശ്വസനീയമല്ലെന്നുമാണ് വിനോജ് പറയുന്നത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും വിനോജ് ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഇരിക്കുകയായിരുന്ന മന്ത്രി മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ വെളള നിറത്തിലുളള ഒരു പൊടി എടിഎം കാര്‍ഡ് ഉപയോഗിച്ച് നിരത്തുന്നതാണ് പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിലുളളത്. മന്ത്രിയുടെ കയ്യിൽ 500 രൂപ നോട്ടും ഉണ്ടായിരുന്നു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് മാരത്തണ്‍ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ചെന്നൈയില്‍ സംഘടിപ്പിച്ച 'സ്റ്റാര്‍ട്ട് റണ്‍, സ്റ്റോപ്പ് ഡ്രഗ്‌സ്' മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വിജയ് ആറ് കിലോമീറ്ററോളം പ്രവര്‍ത്തകര്‍ക്കൊപ്പം ഓടുകയും ചെയ്തിരുന്നു. ലഹരിമുക്ത തമിഴ്‌നാടിനായി മുഖ്യമന്ത്രി പോരാട്ടം തുടരുന്നതിനിടെയാണ് മന്ത്രിസഭയിലെ യുവമന്ത്രി ലഹരി ഉപയോഗിച്ചുവെന്ന ആരോപണം നേരിടുന്നതും അതിന്റെ വീഡിയോ പുറത്തുവരുന്നതും.

Content Highlights: Tamil Nadu Minister D. Sarath Kumar dismissed viral video allegations claiming he used drugs during an IPL match, clarifying that he was merely crushing a cold tablet for his young daughter

To advertise here,contact us