സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങി; ഡൽഹിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുന്ദ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും സുല്‍ത്താന്‍പുരിയിലെ ഇന്ദ്ര ജീല്‍ നിവാസികളാണ്. ജ്വാല പുരിയിലെ 8/93-ാം നമ്പര്‍ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഇവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്ദ്ക പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച്ചയുണ്ടായോ എന്നതുൾപ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്.

Content Highlights: In a tragic incident at a factory in outer Delhi's Mundka, three sanitation workers from Sultanpuri lost their lives due to toxic gas inhalation while cleaning a septic tank

To advertise here,contact us