ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പില്‍ ഒടുവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി അടക്കം 17 പേര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു എസ്ഐടി നിര്‍ദേശം. ഇത് സംബന്ധിച്ച് ട്രസ്റ്റ് നേരത്തെ പരാതി നല്‍കിയിരുന്നു.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് ആരോപണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിര്‍വഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്നാണ് അഭിഭാഷകരായ അജയ് കുമാര്‍ റായിയും ദിനേഷ് കുമാര്‍ യാദവും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും വിചാരണ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ നടപടിക്രമ സംബന്ധമായ അപാകതകളൊന്നുമില്ലെങ്കില് രജിസ്ട്രി അത് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ഹര്‍ജി രജിസ്റ്റര്‍ ചെയ്തതായും യാതൊരു അപാകതകളും ഇല്ലെന്നുമാണ് ഹര്ജിക്കാരന് കോടതിയെ അറിയിച്ചത്. ജൂണ്‍ 29-ന് കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നേ ദിവസം വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ആവശ്യമായ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനും നിര്‍ദേശം നല്‍കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. ട്രസ്റ്റുമായി ബന്ധപ്പെട്ട് സംഭാവനാ തുക കാണാതായെന്നതും മറ്റ് ക്രമക്കേടുകള്‍ നടന്നെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അയോധ്യയുടെ മഹത്വം പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങളായി പോരാടിയവരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയും സ്ഥിരം ക്രിമിനല്‍ കേസ് എടുക്കാതെയും അന്വേഷണം ആരംഭിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതില്‍ ആവശ്യമായ വൈദഗ്ധ്യവും സംവിധാനങ്ങളും ഉള്ള ഏകീകൃത അന്വേഷണ ഏജന്‍സി മുഖേന സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അത്തരം അന്വേഷണം പൊതുജനങ്ങളില്‍ കൂടുതല്‍ വിശ്വാസം വളര്‍ത്തുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച നിലവിലെ എസ്ഐടി നടത്തുന്ന പ്രാഥമിക അന്വേഷണത്തേക്കാള്‍ പ്രത്യേക അന്വേഷണ വൈദഗ്ധ്യമുള്ള ഏജന്‍സി നടത്തുന്ന അന്വേഷണം കൂടുതല്‍ വിശ്വാസ്യത ഉറപ്പാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കേവലം ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം മാത്രമല്ല കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും വികാരത്തെയും പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകള്‍ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന പ്രകാരമാണ് ജൂണ്‍ 13-ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കിരണ്‍ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രതന് എന്നിവരായിരുന്നു പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങള്‍.
Content Highlights: The Uttar Pradesh Police have filed an FIR over an alleged donation fraud associated with the Ayodhya Ram Temple. The case involves claims of misuse or fraudulent collection of donations, and authorities have initiated a detailed investigation to identify those responsible.