പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന് കേന്ദ്രം: ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം

പാസ്‌പോര്‍ട്ട് നല്‍കുന്ന വ്യക്തി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണെന്ന് ബോധ്യപ്പെടാതെയാണോ പാസ്‌പോര്‍ട്ട് നല്‍കുന്നതെന്ന് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. എക്‌സിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. 'ഏത് രേഖയാണ് പിന്നെ പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുക? ബിഎല്‍ഒയ്ക്ക് എന്റെ പൗരത്വത്തില്‍ സംശയം തോന്നാം. എന്റെ വോട്ട് നിഷേധിക്കാം. ഫലമോ, തെരഞ്ഞെടുപ്പിലെ ബിജെപി വിജയം', കപില്‍ സിബല്‍ പറഞ്ഞു. സുപ്രീം കോടതിയിലേക്ക് പോകുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലേയും രംഗത്തെത്തി. 'നിങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലുമില്ല. അതുകൊണ്ട് നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പട്ടാല്‍ നിങ്ങള്‍ക്ക് അതിന് സാധിക്കില്ല. മോദിയും ഷായും അവരുടെ കളിപ്പാവയായ ഗ്യാനേഷ് കുമാറും ഇന്ത്യ ഒട്ടാകെ എസ്‌ഐആര്‍ നടപ്പാക്കി. നിങ്ങള്‍ നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറഞ്ഞാല്‍ ഏത് രേഖയാണ് നിങ്ങള്‍ ഹാജരാക്കുക. നിങ്ങളുടെ വോട്ട് ഇല്ലാതാകും. നിങ്ങളുടെ പൗരത്വം സംശയത്തിലാകും', അദ്ദേഹം പറഞ്ഞു.

അടുത്ത പടി പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമില്‍ എന്‍ആര്‍സിക്ക് ശേഷം 19 ലക്ഷം ആളുകള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായി. പേരിലെ പിഴവോ തിയ്യതിയിലെ പിഴവോ കാരണം പലരും 'വിദേശി'കളായി. സംസ്ഥാനങ്ങളില്‍ ഉടനീളം ബിജെപി തടവ് കേന്ദ്രങ്ങള്‍ പണിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ഇന്ത്യന്‍ പൗരര്‍ ആണെന്ന് തെളിയിക്കാന്‍ സാധിക്കാത്തവരെ പാര്‍പ്പിക്കാനാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. നിങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഒന്നും കൂടി ചിന്തിച്ചു നോക്കൂ. സര്‍ക്കാര്‍ നിങ്ങളോട് നിങ്ങള്‍ ഇന്ത്യന്‍ ആണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ പൗരത്വം ആരാണ് തീരുമാനിക്കുന്നതെന്ന് ഓര്‍മിക്കണം- മോദി, അമിത് ഷാ, അവര്‍ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനുമാണത്', ഗോഖലേ പറഞ്ഞു.

നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ മോദി-ഷാ കൂട്ടുകെട്ട് നിങ്ങളുടെ വോട്ട് ഡിലീറ്റ് ചെയ്ത് പൗരത്വം എടുത്ത് കളയുമെന്നും ഗോഖലേ പറഞ്ഞു. 'മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപി കോടികള്‍ നല്‍കി എംപിമാരെ വാങ്ങുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഭരണഘടന മാറ്റിയെഴുതാന്‍ പാര്‍ലമെന്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം വേണം എന്നത് കൊണ്ടാണത്. ഒരു തവണ അവര്‍ക്ക് അതിന് സാധിച്ചാല്‍, അന്ന് ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കും. ഇതിനെതിരെ നിങ്ങള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുമോ? അല്ലെങ്കില്‍ കണ്‍മുന്നില്‍ വെച്ച് നിങ്ങളുടെ അവകാശങ്ങള്‍ അവര്‍ ഇല്ലാതാക്കുന്നത് നിശബ്ദമായി കണ്ട് നില്‍ക്കുമോ?' അദ്ദേഹം ചോദിച്ചു. പാസ്‌പോര്‍ട്ട് നല്‍കുന്ന വ്യക്തി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണെന്ന് ബോധ്യപ്പെടാതെയാണോ പാസ്‌പോര്‍ട്ട് നല്‍കുന്നതെന്ന് രചയിതാവ് ജാവേദ് അക്തറും ചോദിച്ചു.

പാസ്പോര്‍ട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് അടിസ്ഥാനപരമായി അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപയോഗിക്കാനുള്ള യാത്രാരേഖയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

'നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിച്ചാല്‍ ആ പാസ്പോര്‍ട്ട് നിങ്ങളുടെ സ്വന്തമാണെന്ന് അര്‍ത്ഥമില്ല. പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ ഇത് സര്‍ക്കാരിന്റെ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏത് സമയത്തും ഇത് തിരികെ ഹാജരാക്കേണ്ടി വന്നേക്കാമെന്നു'മാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആധാറും പൗരത്വത്തിനുള്ള രേഖയല്ലെന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖമാത്രമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വോട്ടര്‍ ഐഡിയും തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പൗരത്വ രേഖയെക്കുറിച്ച് ചര്‍ച്ച സജീവമാകുന്നത്.

Content Highlights: Opposition parties have criticised the Ministry of External Affairs following its statement that a passport is not a definitive proof of citizenship

To advertise here,contact us