പാസ്‌പോർട്ട് എടുക്കാൻ ഇനി ചെലവേറും; അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ

പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് സാധാരണ പാസ്‌പോർട്ട് ലഭിക്കുന്നതിന് ഇനി മുതൽ 2500 രൂപ നൽകണം

രാജ്യത്ത് ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചു. സാധാരണ പാസ്‌പോർട്ടിനും തത്കാൽ സേവനങ്ങൾക്കും നിരക്ക് വർദ്ധന ബാധകമാണ്. പ്രായപൂർത്തിയായവർക്കുള്ള അപേക്ഷാ ഫീസിൽ ആയിരം രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് സാധാരണ പാസ്‌പോർട്ട് ലഭിക്കുന്നതിന് ഇനി മുതൽ 2500 രൂപ നൽകണം. 15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 1750 രൂപയാണ് പുതിയ നിരക്ക്. നിലവിൽ 36 പേജുകളുള്ള സാധാരണ പാസ്‌പോർട്ടിന് 1500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ ആയിരം രൂപയുടെ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 60 പേജുകളുള്ള പാസ്‌പോർട്ടിന് 3500 രൂപയും തത്കാൽ സംവിധാനത്തിലൂടെയുള്ള അപേക്ഷകൾക്ക് 5000 രൂപയുമായിരിക്കും ഇനി ഫീസ്.

നിലവിലെ ഹെൻലി പാസ്‌പോർട്ട് സൂചികകൾ പ്രകാരം ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെ നേരിട്ട് സഞ്ചരിക്കാനാകും. ഇത് കൂടാതെ 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സൗകര്യവും 66 രാജ്യങ്ങളിൽ ഇ-വിസ സൗകര്യവും ഇന്ത്യക്കാർക്ക് ലഭ്യമാണ്. യാത്രകൾക്ക് ഇത്രയേറെ മൂല്യമുള്ളതാണെങ്കിലും പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും അതിനെ മറ്റ് ഔദ്യോഗിക പൗരത്വ രേഖകളുമായി താരതമ്യം ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ രേഖ, ആവശ്യപ്പെടുന്ന പക്ഷം സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

Content Highlights: Indian expatriates and passport applicants will have to pay more as the Central Government has significantly increased passport application fees. The revised fee structure is expected to affect new passport applications, renewals, and other related services.

To advertise here,contact us