ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ഉള്‍പ്പെടെ ചെയ്തിരുന്നു.

എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ വീണ്ടും തുറക്കാനാകും എന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും എല്‍പിജി ശേഖരം കപ്പലുകളിലും കണ്ടെയ്‌നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് എല്‍പിജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. വരുംദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യാനുസരണം എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: The government has removed price controls on commercial LPG, a move expected to impact businesses, restaurants, and commercial establishments that rely on LPG for daily operations

To advertise here,contact us