ന്യൂഡല്‍ഹി: എഫ്സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമര്‍ശനം. വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.
എഫ്സിആര്‍എ നിയമഭേദഗതി ബില്ല് വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി. ദേവാലയങ്ങള്‍ നവീകരിക്കുക, വേദഗ്രന്ധങ്ങള്‍ അച്ചടിക്കുക തുടങ്ങി 105 തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവര്‍ത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്ട്രേഷന് സമയത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മത പരിവര്‍ത്തനത്തിന് പണം ചെലവഴിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്കേ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഇതടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ ഭേദഗതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് രാജ്യത്തെ ക്രൈസ്തവ സഭകള്‍. എഫ്സിആര്‍എ അടിയന്തര യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കും. അടുത്ത ഞായറാഴ്ച ദേശീയ പ്രാര്‍ഥനാ ദിനമായി ആചരിക്കും. കേന്ദ്രത്തിന്റേത് ക്രൈസ്തവ സഭകളുടെ സ്വത്ത് ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ് കോണ്‍ഗ്രസ് ആരോപണം. ചട്ടഭേദഗതിക്ക് പിന്നില്‍ സംഘപരിവാര്‍ ബുദ്ധിയെന്ന് സിപിഐഎമ്മും കുറ്റപ്പെടുത്തി.
Content Highlights: The Central Government has introduced stricter FCRA regulations, triggering concern among Christian churches and religious organizations.