'കശ്മീരിലെത്തിയിട്ടും സ്വന്തം പാർട്ടി നേതാക്കളെ കണ്ടില്ല'; തരൂരിനെ ചൊല്ലി വീണ്ടും കോൺഗ്രസിൽ തർക്കം

കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നായിരുന്നു മനോജ് സിന്‍ഹയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള തരൂരിന്റെ എക്‌സ് പോസ്റ്റ്

ന്യൂഡല്‍ഹി: ശശി തരൂരിനെ ചൊല്ലി വീണ്ടും കോണ്‍ഗ്രസില്‍ തര്‍ക്കം. തരൂര്‍ - ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കൂടിക്കാഴ്ചയാണ് വിവാദമായത്. കശ്മീരിലെത്തിയ തരൂര്‍ സ്വന്തം പാര്‍ട്ടി നേതാക്കളെയും ജനങ്ങളെയും കണ്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ ആരോപിച്ചു.

കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നായിരുന്നു മനോജ് സിന്‍ഹയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള തരൂരിന്റെ എക്‌സ് പോസ്റ്റ്. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുന്ന നേതാക്കളെ കാണാന്‍ കുറച്ച് സമയം തരൂരിന് മാറ്റിവയ്ക്കാമായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ തരൂര്‍ ജനങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നതായും രവീന്ദ്രര്‍ ശര്‍മ്മ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയെ തരൂര്‍ പ്രശംസിച്ചത് വിവാദമായിരുന്നു.

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ശ്രീനഗറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പങ്കുവെച്ച കുറിപ്പ് വലിയ വിവാദമായിരുന്നു. ശ്രീനഗറിലെ ലോക് ഭവനിൽ വെച്ച് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയെന്നും ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ സാധാരണ അവസ്ഥയിലേക്ക് വരുന്നതിനെ കുറിച്ച് ചർച്ച ചെയ്തുവെന്നുമായിരുന്നു ശശി തരൂരിന്റെ എക്സ് കുറിപ്പിലുണ്ടായിരുന്നത്. ലഫ്റ്റനന്റ് ഗവർണർ കശ്മീരി റൈറ്റേഴ്‌സ് അസോസിയേഷൻ, വനിതാ കൂട്ടായ്മകൾ എന്നിവരുമായി ചർച്ച നടത്തുന്നത് ശുഭ സൂചനയാണെന്നും തരൂർ കുറിച്ചിരുന്നു.

Content Highlights: Tharoor and Jammu and Kashmir Lieutenant Governor Manoj Sinha Meeting Sparks Controversy

To advertise here,contact us