യുപിയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 12കാരൻ പിടിയിൽ

കുട്ടിയുടെ നില ഗുരുതരമാണ്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ 12 വയസുകാരന്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു. ഗുലാരിഹ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.

അശ്ലീല വീഡിയോ കണ്ട ശേഷമായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചു. കുഞ്ഞിന്റെ ബന്ധുകൂടിയാണ് 12കാരന്‍. അര്‍ദ്ധരാത്രിയില്‍ കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഒരു വയലിലെ ഷെഡില്‍ കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ അമ്മ ഉണരുമ്പോഴാണ് കുട്ടി അടുത്തില്ലെന്ന് മനസിലായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

അന്വേഷണത്തിലാണ് 12കാരനാണ് പ്രതിയെന്ന് വ്യക്തമായത്. പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടി ചികിത്സയിലാണെന്നും കേസില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിറ്റി പൊലീസ് സൂപ്രണ്ട് നിമേഷ് പാട്ടീല്‍ പറഞ്ഞു.

Content Highlights: 12-Year-Old Boy Accused of attacking Nine-Month-Old Infant in Gorakhpur

To advertise here,contact us