ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി കേന്ദ്രസര്‍ക്കാര്‍. പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളം നിര്‍ദേശിച്ച വിദഗ്ധനെ ഒഴിവാക്കിയത്. ടി കെ ശിവരാജനെയാണ് കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്. പകരം നിയമിച്ചിരിക്കുന്നത് യുപി സ്വദേശിയായ എംഎല് ശര്‍മയെയാണ്.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷ പരിശോധന സമിതി. ടികെ ശിവരാജന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര ജലകമ്മീഷന് മുന്‍ ചീഫ് എഞ്ചിനീയറാണ് അദ്ദേഹം. ഐഐടി റൂര്‍ക്കേയിലെ പ്രൊഫസറാണ് എം എല്‍ ശര്‍മ.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് മുന്‍ സിഎംഡി ബല്‍രാജ് ജോഷിയാണ് സമിതി ചെയര്മാന്. ഈ മാസം 16നാണ് നിയമനം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ ശിവരാജനെ മാറ്റിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
Content Highlights: The Centre has removed Kerala’s representative from the Mullaperiyar Expert Committee and appointed a member from Uttar Pradesh in the panel