അഹമ്മദാബാദ് വിമാനാപകടം; ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന

വൈദ്യുത തകരാര്‍ വിമാനത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കോക്പിറ്റില്‍ നിരവധി ഓഡിയോ-വിഷ്വല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് കാരണമാകുമായിരുന്നുവെന്ന് എഫ്ഐപി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. അപകടത്തിന് മുമ്പുള്ള അവസാന നിമിഷങ്ങള്‍ പുനഃസൃഷ്ടിച്ച് ഫ്‌ളൈറ്റ് സിമുലേറ്റര്‍ പരിശോധന നടത്തണമെന്നതാണ് പൈലറ്റുമാരുടെ ആവശ്യം. രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമാകുന്നതിന് മുന്‍പ് കോക്പിറ്റില്‍ ഉണ്ടായ വലിയ വൈദ്യുത തകരാറിനെ കുറിച്ചുള്ള മുന്നറിയിപ്പ് വിവരങ്ങള്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ഒഴിവാക്കിയതായി സംഘടന ആരോപിക്കുന്നു. വൈദ്യുത തകരാര്‍ വിമാനത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കോക്പിറ്റില്‍ നിരവധി ഓഡിയോ-വിഷ്വല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് കാരണമാകുമായിരുന്നു. ഇവയെല്ലാം കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ മുന്നറിയിപ്പുകളുടെ ക്രമം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിന്റെ വാല്‍ഭാഗം കാര്യമായ തകരാറുകള്‍ ഇല്ലാതെ കണ്ടെത്തിയിട്ടും ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. ഇത് വിമാനത്തിലെ വന്‍ വൈദ്യുത തകരാറിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നും പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഇന്ത്യൻ പൈലറ്റ്സ് അവകാശപ്പെടുന്നു. ഫ്‌ളൈറ്റ് ക്രൂ മനഃപൂര്‍വം വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധന സപ്ലൈ വിച്ഛേദിച്ചുവെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടിനെതിരെയാണ് പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് ഫെഡറേഷന്‍ അധ്യക്ഷനായ ക്യാപ്റ്റന്‍ സി എസ് റണ്‍ധാവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനപ്പെട്ട സാങ്കേതിക തെളിവുകള്‍ മനപൂര്‍വം ഒഴിവാക്കിയെന്നും ഇന്ത്യയിലെ പ്രമുഖരായ ഏവിയേഷന്‍ വിദഗ്ധരെ മുന്‍കൂട്ടി തയ്യാറാക്കിയ നിഗമനങ്ങളെ സംരക്ഷിക്കാന്‍ അരികുവത്കരിച്ചെന്നും ആരോപിച്ചത്.

മാനുവലായി ഇന്ധന സപ്ലൈ വിച്ഛേദിച്ചാല്‍ പതിനെട്ട് സെക്കന്‍ഡ് കൊണ്ട് മാത്രമേ എയര്‍ക്രാഫ്റ്റിന്റെ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തനരഹിതമാകുവെന്ന് സംഘടന പറയുന്നു. അപകടം പുനസൃഷ്ടിച്ച് ഫ്‌ളൈറ്റ് സിമുലേറ്റര്‍ പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞതെന്നും സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ നാലു സെക്കന്‍ഡ് കൊണ്ട് അത് സാധ്യമാകില്ലെന്നും റണ്‍ധാവ വാദിക്കുന്നു.

എന്‍ജിന്‍ ഓഫാകുന്നതിന് മുമ്പ് തന്നെ ബാക്ക്അപ്പ് ടര്‍ബൈനായ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പൂര്‍ണമായും വൈദ്യുതി ഇല്ലാതായതിനാല്‍ വിമാനത്തിന് നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇങ്ങനെയുണ്ടായ സാങ്കേതിക പ്രശ്‌നമാണ് എഞ്ചിന്‍ സ്വിച്ചുകള്‍ ട്രിപ്പാകാന്‍ കാരണം. അപകടത്തില്‍പ്പെട്ട വിമാനത്തിന് മുമ്പും ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളുണ്ടെന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രികന്‍ ക്യാബിനുള്ളില്‍ ലൈറ്റുകള്‍ മിന്നുന്നതും താഴേക്ക് പതിക്കുന്നതിന് മുമ്പ് അത് മങ്ങുന്നതായി കണ്ടെന്ന് പറയുന്നതും പെട്ടെന്നുണ്ടായ വൈദ്യുതി തകരാറാണ് അപകടത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണെന്നും സംഘടന അവകാശപ്പെടുന്നു.

Content Highlights: The pilots association has opposed the interim investigation report related to the Ahmedabad plane crash.

To advertise here,contact us