നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യവ്യാപകമായി നാളെ NTA മോക് ഡ്രില്‍ സംഘടിപ്പിക്കും

അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ കീഴിലായിരിക്കും ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും ഉണ്ടായിരിക്കുക

ന്യൂഡല്‍ഹി: ജൂണ്‍ 21ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ മുന്നോടിയായി രാജ്യവ്യാപകമായി എന്‍ടിഎ നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. നീറ്റ്-യുജി പുനപരീക്ഷ സുഗമമായും സുരക്ഷിതമായും നടക്കുന്നതിനായാണ് ഇത്തരമൊരു മോക് ഡ്രില്‍ എന്‍ടിഎ നടത്തുന്നത്.

രാവിലെ 9 മണി മുതലാണ് മോക് ഡ്രില്‍ നടക്കുന്നത്. രാജ്യമെമ്പാടുമുള്ള രണ്ടരലക്ഷത്തോളം സുരക്ഷാ ജീവനക്കാര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതീവ സുരക്ഷയിലായിരിക്കും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും. അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ കീഴിലായിരിക്കും ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും ഉണ്ടായിരിക്കുക. 5000 ത്തിന് മുകളിലുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ അതീവ സുരക്ഷയില്‍ സിസിടിവി നിയന്ത്രണത്തിലായിരിക്കും.

നീറ്റ്-യുജി 2026 റീ എക്‌സാമിനേഷന്‍ എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എന്‍ടിഎ വ്യക്തമാക്കി. ജൂണ്‍ 22വരെ ടെലഗ്രാമിന്റെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനെതിര സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഐടി നിയമം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് നിരോധനാധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച വരെയാണ് ടെലഗ്രാമിന് രാജ്യത്ത് നിരോധനം. മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കുമെന്നും എന്‍ടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടത്തുന്നുണ്ട്

Content Highlight:NTA will conduct a nationwide mock drill ahead of the NEET re-exam to ensure smooth execution

To advertise here,contact us